Monday 19 March 2012

ആര്‍ത്തിക്കും അത്യര്‍ത്തിക്കും ഇടയില്‍ ചില പ്രകാശ നാമ്പുകള്‍ .

ലോകം പരിഭ്രാന്തിയില്‍ ...

വളരെ വലിയ ഒരു വിസ്ഫോടനത്തിലെക്കാണോ ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്? ഇന്നലെ വരെ സ്വന്തം എന്ന് കരുതിയതൊക്കെ കുത്തിയൊലിച്ചു പോകുന്ന ഒരു അനുഭവം.

മാന്ദ്യം പലപ്പോഴും ഒന്നും രണ്ടും കൊല്ലങ്ങള്‍ കൊണ്ട് മാറുകയാണ് പതിവ് എങ്കിലും 2008 ല്‍ ലോകം മുഴുവന്‍ വീശിയടിച്ച റിസഷന്‍ കൊടും കാറ്റ് ഒരു പ്രേതം പോലെ ഇപ്പോഴും ലോകത്തെ മൊത്തമായും വേട്ടയാടിക്കൊണ്ടിരിക്കുന്നു. ആദ്യ വര്‍ഷങ്ങളില്‍ താരതമ്യേനെ റിസഷന്‍ മറ്റൊരു പ്രതിവിധി ഇല്ലാത്തതിനാലാകണം ജനങ്ങള്‍ക്ക്‌ അത് സ്വീകരിക്കേണ്ടി വന്നു, വളരെ പെട്ടെന്ന് നടന്ന ഒരു സംഭവ വികാസം ആയതിനാല്‍ ജനങ്ങള്‍ നിലയില്ലക്കയത്തിലേക്ക് ആഴ്ന്നു പോവുകയാണുണ്ടായത്. സാധാരണ മാന്ദ്യങ്ങള്‍ക്ക് ശേക്ഷം ഉണ്ടാകുന്ന റിക്കവറി നടപടികള്‍ക്കൊന്നും ജനങ്ങളുടെ നഷ്ടം നികത്തുവാന്‍ ആയില്ല. പക്ഷെ നിയമങ്ങള്‍ കോര്‍പൊറേറ്റുകളെ സംരക്ഷിക്കുന്നതായിരുന്നതിനാല്‍ സാധാരണ ജനങ്ങള്‍ക്കാണ് മാന്ദ്യം പരിഹരിക്കാനാകാത്ത അത്ര വലിയ നഷ്ടം ഉണ്ടായത്.

പക്ഷെ ജനങ്ങള്‍ പ്രതീക്ഷയിലായിരുന്നു. മാന്ദ്യം ഉടനെ അവസാനിക്കും എന്നും എല്ലാം പഴയതിലും ഭംഗിയായി മുന്നോട്ടു പോകുമെന്നും സര്‍ക്കാറും സാമ്പത്തീക മേഖലയിലെ അനാലിസ്റ്റുകളും ജനങ്ങളെ പറഞ്ഞു കബളിപ്പിച്ചു കൊണ്ടിരുന്നു.

പക്ഷെ ജനങ്ങളുടെ പ്രതീക്ഷകള്‍ , കാത്തിരുപ്പുകള്‍ ഒക്കെ വിഫലം ആകുക മാത്രമല്ല, കൂടുതല്‍ കൂടുതല്‍ റിസഷന്‍ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു...

എന്ത് കൊണ്ട് മാന്ദ്യം സംഭവിച്ചു.

ജനങ്ങളുടെ ജീവിത ശൈലി യില്‍ വന്ന മാറ്റം എന്ന് ഒറ്റ വാക്കില്‍ പറയാം. എല്ലാവരും സുഖലോലുപതയില്‍ മാത്രം ജീവിക്കാന്‍ ശ്രമിക്കുന്നു. തങ്ങളുടെ പഴയ ജീവിത ക്രമങ്ങളെ തീരെ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല. പണം, പണം എത്ര കിട്ടിയാലും തികയാതെ വരുന്നു. പഴയ കാലത്ത് ഒരു ചൊല്ലുണ്ടായിരുന്നു, പണം കൊണ്ട് എന്തും വാങ്ങാം, സ്നേഹമോഴിച്ചു..എന്നാല്‍ ഇന്ന് സ്നേഹം പോലും പണം കൊടുത്ത് വാങ്ങാന്‍ കഴിയുന്ന അവസ്ഥ ആയി. പണം എന്ന ഒരൊറ്റ വസ്തുവിലേക്ക് കേന്ദ്രീകരിച്ചാണ് ഭൂമിയുടെ അച്ചുതണ്ട് പോലും കറങ്ങുന്നത് എന്ന് തോന്നുന്ന രീതിയില്‍ കാലം മുന്നോട്ടു പോകുന്നു. എല്ലാം കൈപ്പിടിയിലോതുക്കുവാനുള്ള വാശി, അല്ലെങ്കില്‍ അത്യാര്‍ത്തി, അത് സാധാരണക്കാരനെ തുടങ്ങി കോര്‍പൊറേറ്റുകളെ വരെ മോഹവലയത്തില്‍ എത്തിച്ചു.

അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു കാരണം, സാങ്കേതിക വിദ്യയുടെ വളര്‍ച്ച തന്നെ ആണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച വളരെ പോസിറ്റീവ് ആണ് എങ്കില്‍ പോലും അത് കൈപ്പിടിയിലോതുക്കുവാന്‍ ഉള്ള ധനാഗമന മാര്‍ഗങ്ങള്‍ ഇല്ലാതിരുന്നത്, സാധാരണ ജനങളുടെ വരുമാന്‍ സ്രോതസ്സുകള്‍ക്ക് നെഗറ്റീവ് ഇമ്പാക്ത് ഉണ്ടാക്കി കൊടുത്ത്.

സാങ്കേതിക വിദ്യകള്‍ ഓരോ സെക്കന്റിലും മാറുന്ന ഒരു കാലഘട്ടത്തില്‍ ആണല്ലോ ഇന്ന് നാം.

ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ കൈക്കലാക്കുവാന്‍ കാണിക്കുന്ന വെമ്പലില്‍ കയ്യില്‍ കരുതി വെക്കുന്ന പണമെല്ലാം നഷ്ടപ്പെടുന്നു എന്നതാണ് സാദാരണക്കാരന്റെ വേവലാതി. ഈ നൂറ്റാണ്ടില്‍ നടന്ന സാമ്പത്തീക മാന്ദ്യത്തിന് ഉത്തരവാദി ശാസ്ത്രവും എന്ജിനിയരിംഗ് ശാഖയുടെ അഭൂത പൂര്‍വമായ വളര്‍ച്ചയും ആണ് എന്ന് പറഞ്ഞാലും അതിശയോക്തി ആകില്ല. ശാസ്ത്രം വളര്‍ന്നപ്പോള്‍ ജനങ്ങള്‍ക്ക്‌ ആ വളര്ച്ചക്കനുസരിച്ചു ജീവിക്കുവാന്‍ കറന്‍സി ആവശ്യമായി വന്നു. അമേരിക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങള്‍ അവരുടെ ട്രഷറി ആവശ്യത്തിനായി പരസ്യമായി കള്ള നോട്ടു അടിച്ചു സാമ്പത്തികരംഗം ഒരളവു വരെ പിടിച്ചു നിര്‍ത്തി എങ്കിലും 2008 ല്‍ ഉണ്ടായ മലവെള്ളപ്പാച്ചിലിനെ തടഞ്ഞു നിര്‍ത്താന്‍ അവര്‍ക്ക് പോലും ആയില്ല എന്നത് ചരിത്രം.

സാങ്കേതിക വൈദഗ്ധ്യം അതിന്റെ പാരമ്യതയില്‍ നില്‍ക്കുമ്പോള്‍ കൊതിയൂറുന്ന ഇലക്ട്രോണിക്ക് സാമഗ്രികള്‍ കയ്യെത്തും ദൂരത്തിരിക്കുമ്പോള്‍ അവയെല്ലാം സ്വന്തമാക്കുവാന്‍ ഉണ്ടായ വ്യഗ്രതയില്‍ ഓരോരുത്തരും സ്വന്തം സ്വത്വം പോലും മറന്നു, പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് കിട്ടാവുന്ന ലോണോക്കെ എടുത്തു ഈ കാര്യ കളിപ്പാട്ടങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ അവരവര്‍ നിന്നിരുന്ന മണ്ണ് ഒലിച്ചു പോകുന്നത് മനസിലാക്കിയില്ല. ഇത് പോലെ ആയിരുന്നു എല്ലാക്കാര്യങ്ങളിലും മനുഷ്യന്റെ പരക്കം പാച്ചില്‍ ... സ്വന്തമായി വീടുണ്ടായിരുന്നവര്‍ പോലും മാറ്റക്കച്ഛവടത്തിനായി ഇഹലോകത്തും പരലോകത്തും ഉള്ള സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചതും സ്വന്തം വിയര്‍പ്പ് കൊണ്ടുണ്ടാക്കിയ പണം കൊണ്ടായിരുന്നില്ല. പണമിടപാട് സ്ഥാപനങ്ങളും കൂടുതല്‍ കൂടുതല്‍ പണ സമ്പാദനത്തിനായി അന്യന്‍റെ വസ്തുക്കള്‍ പണയം വച്ച് കൊണ്ടിരുന്നു...എവിടെയും അത്യാഗ്രഹം ... ലോകം മുഴുവന്‍ പിടിച്ചടക്കി കാല്‍ കീഴിലിട്ടു കളിക്കുവാനുള്ള ശ്രമത്തില്‍ കയ്യിളിരുന്നതും ഉത്തരത്തിളിരുനന്തും നിന്നിരുന്ന മണ്ണും ഒലിച്ചു പോയ അനുഭവം.

നൂതന സാങ്കേതിക വളര്‍ച്ച സ്വയത്തമാകാന്‍ ഇന്ന് എല്ലാ രംഗത്തും മല്‍സരം ആണ്. കാര്‍ഷിക മേഖലയില്‍ ഇന്ന് മനുഷ്യശേക്ഷി കുറയുന്നതിനാല്‍ അവിടെയും സാങ്കേതിക വിദ്യ പരീക്ഷിക്കുകയും, വലിയ മുതല്‍ മുടക്കുകള്‍ ആവശ്യമായും വരുന്നു. അതോടൊപ്പം വിപരീത കാലാവസ്ഥയും പലപ്പോഴും ഭക്ഷണ സാമഗ്രികളുടെ വില വര്‍ദ്ധിപ്പിക്കുകയും ചെയുന്നു.

സര്‍ക്കാരുകളുടെ കാര്യക്ഷമാമായ പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ നികുതിദായകരെ കൂടുതല്‍ പിഴിയുന്നു.

സാധാരണ മാന്ദ്യങ്ങളില്‍ നിന്ന് വിഭിന്നമായി, അമേരിക്കയേക്കാള്‍ മാന്ദ്യം നേരിടുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ ആണ്. ഗ്രീസ്, പോര്‍ച്ചുഗല്‍ , അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ കടക്കെണി ആണ് യൂറോപ്പിനെ തകര്‍ക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളുടെ പൊതു കറന്‍സി ആയ യൂറോ പോലും തകര്‍ച്ചയുടെ വക്കിലാണ്. ഇന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും യൂറോ വിഷയത്തില്‍ ഒരു പുനര്‍ ചിന്ത നടത്തുന്നു എന്നാണ് സംസാരം. താരതമ്യേന കടിനാദ്ധ്വനികള്‍ ആയ ജര്‍മ്മന്‍ ജനങ്ങള്‍ ആണ് യൂറോയില്‍ നിന്ന് ജെര്‍മനി പുറത്തു വരണം എന്ന് ആഗ്രഹിക്കുന്നത്. തങ്ങള്‍ കഠിനമായി അദ്ധ്വാനിക്കുകയും ഗ്രീസ് പോലുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ സുഖലോലുപതക്കായി പണം ദുര്‍വ്യയം ചെയുന്നു എന്നും ആണ് അവരുടെ പരാതി.

രഹസ്യ ബാന്ധവം

ഇതിനിടയില്‍ സര്‍ക്കാരും കോര്‍പൊറേറ്റുകളും തമ്മില്‍ നടക്കുന്ന രഹസ്യ ബന്ധങ്ങള്‍ , സാധാരണ ജനങ്ങളെ പിഴിയുന്നു എന്ന തിരിച്ചറിവ് മുന്പെന്നത്തെക്കാള്‍ സുതാര്യമായി. ഈ സുതാര്യത ഇന്ന് സര്‍ക്കാരിനും കോര്‍പൊറേറ്റുകള്‍ക്കും വലിയ ഒരു ശാപമായി മാറുന്നു. രഹസ്യങ്ങള്‍ എല്ലാം പരസ്യം ആയി. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ ഉള്ള യു പി എ മന്ത്രിസഭ രൂപികരിച്ചപ്പോള്‍ മന്ത്രിമാരെ നിശ്ചയിച്ചത് പോലും നമ്മുടെ നാട്ടിലെ കോര്‍പോറേറ്റകള്‍ ആയിരുന്നു എന്ന കാര്യം ബര്‍ക്കാഗേറ്റിലൂടെ നമ്മള്‍ എല്ലാവരും അറിഞ്ഞതാണല്ലോ. ലോകത്ത് എല്ലായിടത്തും സര്‍ക്കാരുകളെ നിയന്ത്രിക്കുന്നതും താങ്ങി നിര്‍ത്തുന്നതും കോര്‍പൊറേറ്റുകള്‍ ആണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ താഴെ ഇറക്കി ബി ജെ പി ഭരണം കൊണ്ട് വരുവാന്‍ റെഡി സഹോദരന്മാര്‍ നിക്ഷേപം നടത്തിയതാകട്ടെ കേവലം 4000 കോടി രൂപ മാത്രം! സര്‍ക്കാരുകള്‍ ജനിക്കുന്നതും അത് നില നിന്ന് പോകുന്നതും കോര്‍പൊറേറ്റുകള്‍ക്ക് വേണ്ടി ആണ്, അവരുടെ അത്യാര്‍ത്തിക്ക് വേണ്ടി ആണ്. അപ്പോള്‍ ഭരണം നടക്കുന്നതും സാധാരണ ജനത്തിനു വേണ്ടി അല്ല. നിക്ഷേപം ഇറക്കുന്നത് കോര്‍പൊറേറ്റുകള്‍ . സര്‍ക്കാരുകള്‍ ജനങ്ങളെ കോര്‍പൊരേറ്റുകളുടെ കസ്റ്റമര്‍ ആക്കുവാന്‍ പണിപ്പെടുന്ന എജെന്സി മാത്രം ആകുകയാണ്.

സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ ബലം.

സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ആണ് ഇന്ന് ജനങ്ങള്‍ ഏറ്റവും അധികം ആശയവിനിമയത്തിനായി ഉപയോഗിക്കുന്നതും. ഇവിടെ അവര്‍ക്ക് വലിയ പണം മുടക്കില്ലാതെ തന്നെ പ്രതികരിക്കാന്‍ കഴിയും. ഇന്ന് ജനം ഈ ആശയോപാദന രീതി ആണ് കൂട്ടായ ചിന്തകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വരെ തെരഞ്ഞെടുക്കുന്നത്. ഇന്ന് ഭരണകൂടങ്ങള്‍ ഏറ്റവും ഭയക്കുന്നത്, സുതാര്യതയും അത് ചര്‍ച്ച ചെയ്യപ്പെടുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കുകളെയും ആണ്.

അറബ് വസന്തം എന്ന പേരില്‍ ലോകം കൊണ്ടാടിയ താഹിര്‍ സ്ക്വയര്‍ പ്രതിഷേധവും കോര്‍പൊറേറ്റുകള്‍ നടത്തിയ അണ്ണ സത്യഗ്രഹവും പോലുള്ള പ്രധിഷേധങ്ങള്‍ ഇപ്പോള്‍ അമേരിക്കന്‍ മണ്ണില്‍ മാത്രം അല്ല ലോകമെമ്പാടും അലയടിക്കുന്നു. എവിടെയും വിഷയം പലതായിരുന്നു എങ്കിലും ലക്ഷ്യം ഒന്നു മാത്രം. അഴിമതിക്കും സ്വജന പക്ഷപാതത്തിനും എതിരെയും , ജനാതിപത്യത്തിനു വേണ്ടിയും ആയിരുന്നു സമരമെങ്കിലും ഇന്നത്‌ വന്നെത്തി നില്‍ക്കുന്നത് സര്‍വോപരി സാമൂഹ്യനീതിക്കും കോര്‍പൊറേറ്റുകളുടെ അത്യാര്‍ത്തിക്കെതിരെയും.

വാള്‍ സ്ട്രീറ്റ്‌ കയ്യേറ്റം

അമേരിക്കയിലെ ന്യൂയോര്‍ക്ക് പട്ടണത്തിലെ ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ് ആയ വാള്‍ സ്ട്രീറ്റ്‌ ആണ് , സാമ്പത്തീക കോര്‍പൊറേറ്റ് ഭീമന്മാരുടെ തലസ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ ഓഹരി മാര്‍ക്കറ്റ് ഇവിടെയാണ്‌. ഈ വാള്‍ സ്ട്രീറ്റ്‌ കയ്യടക്കുക എന്ന ഒരു സമരം ആയിട്ടാണ് ഈ സമരം തുടങ്ങിയത് എങ്കിലും ഇപ്പോള്‍ 80 രാജ്യങ്ങളിലെ 1500 ല്‍ അധികം പട്ടണങ്ങളില്‍ ഈ സമരം കത്തിപ്പടരുന്നു.

ജൂലൈ പകുതിയോടു കൂടി, കാനഡ ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന അട്ബസ്റ്റെര്സ് എന്ന ഇടതുപക്ഷ ആഭിമുഖ്യമുള്ള വാരിക ആണ് വാള്‍ സ്ട്രീറ്റ്‌ കേന്ദ്രമാകി ഇങ്ങനെ ഒരു പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയത്. കോര്‍പൊറേറ്റുകളുടെ അത്യാര്‍ത്തിക്ക് വേണ്ടി അവര്‍ സര്‍ക്കാരുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും ഇടപെടുന്ന പ്രക്രിയക്ക് എതിരെ ആയിരുന്നു സമാധാനപൂര്‍വ്വം ഈ സമരത്തിനു അട്ബസ്റ്റെര്സ് മാഗസിന്‍ ആഹ്വാനം ചെയ്തത്. ജനാതിപത്യ നടപടി ക്രമങ്ങളിലെ കോര്‍പൊറേറ്റുകളുടെ ഇടപെടലുകള്‍, അത് മൂലം പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ക്രമാതീതമായി വര്‍ദ്ധിക്കുക എന്നതൊക്കെ ഈ സമരത്തിനു കാരണം ആയി മാറി. ലോകത്തില്‍ എല്ലായിടത്തും രാഷ്ട്രീയവും സമ്പത്തും തമ്മിലുള്ള അവിശുദ്ധ ബന്ധം സാധാരണക്കാരന്‍റെ അന്നം മുടക്കുന്ന വ്യവസ്ഥ ജനം തിരിച്ചറിയുക, അതിനെതിരെ ജനങ്ങളെ ബോധാവാന്മാര്‍ ആക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും, സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഇത് ചര്ച്ചയായപ്പോള്‍ ജനങ്ങള്‍ സ്വമേധയാ പ്രതിഷേധം നടത്തുവാന്‍ ഇറങ്ങി പുറപ്പെടുകയായിരുന്നു.

അമേരിക്കയിലും അമേരിക്ക തുടര്‍ന്ന് വന്ന നയങ്ങള്‍ കൊണ്ട് നടത്തിയ നിയമ നിര്‍മ്മാണങ്ങള്‍ കാരണം, എന്ത് സാമ്പത്തീക അച്ചടക്ക ലന്ഘനം നടത്തിയാലും കോര്‍പൊറേറ്റ് ഭീമന്മാര്‍ക്ക് രക്ഷപെടാന്‍ ഉള്ള അനേകം കുറുക്കുവഴികള്‍ അവര്‍ മുതലെടുത്തിരുന്നു, ലേമാന്‍ ബ്രതെര്സ് എന്നാ ബാങ്ക് സാമ്പത്തീക മാന്ദ്യത്തില്‍ തകര്ന്നപ്പോഴും അവരുടെ മേധാവികള്‍ സസുഖം വാഴുന്ന അവസ്ഥ വളരെ വൈകി ആണ് എങ്കിലും അമേരിക്കന്‍ ജനങ്ങളും തിരിച്ചറിയുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യം ആണ്.

സര്‍ക്കാരിലെ അഴിമതിക്കെതിരെ നടന്ന അണ്ണ ഹസാരയുടെ സമരത്തിനു കോര്‍പൊറേറ്റുകള്‍ പിന്തുണച്ചു വെങ്കില്‍ അമേരിക്കയിലെ സമരം കോര്‍പൊറേറ്റുകള്‍ക്ക് എതിരെ ആണ് എന്നത് പ്രത്യേകം പ്രസ്താവ്യം ആണ്. സര്‍ക്കാരും കോര്‍പൊറേറ്റുകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനും കോര്‍പൊറേറ്റുകളുടെ അഴിമതിക്കുമെതിരെ ആണ് അമേരിക്കയില്‍ തുടങ്ങിയ ഈ സമരം. അത് കൊണ്ടാകാം, ഈ സമരം വ്യക്തി കേന്ദ്രീക്രിതം അല്ലാതായത്., നായകനില്ലത്ത, ജനങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തു ഒന്നിച്ചു നടത്തുന്ന ഒരു സമരം എന്ന പ്രത്യേകത ഈ പ്രധിഷേധത്തിനു ഉള്ളത്.

ജനങ്ങള്‍ ഒന്നടങ്കം തങ്ങളുടെ പുതപ്പുകളും ടെന്റുകളും അടുക്കള പാത്രങ്ങളും ആയി വീഥികള്‍ , വഴിയോരങ്ങള്‍ , പാര്‍ക്കുകള്‍ എല്ലാം കയ്യടക്കുന്നു. അവിടെ ടെന്റു കെട്ടി താമസിക്കുന്നു, ഭക്ഷണം പാകം ചെയുന്നു, അവിടെ താമസിച്ചു കൊണ്ടുള്ള സമരം. ശരിക്കും ഒരു കയ്യേറ്റം, നമ്മുടെ ചെങ്ങറ സമരം പോലെ ഒരെണ്ണം. തുടക്കത്തില്‍ ഈ സമരത്തിനു മുന്നില്‍ നിന്നത് ചെറുപ്പക്കാര്‍ ആയിരുന്നു എങ്കില്‍ സമരം മുന്നോട്ടു നീങ്ങിയപ്പോള്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ ഈ സമരത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. തുടക്കത്തില്‍ ചെറിയ കുട്ടികളുടെ സമരം എന്ന നിലക്ക് ആരും ഗൌനിക്കാതിരുന്ന സമരത്തിന്റെ ഫലമായി സമരക്കാരുടെ ആവശ്യങ്ങളില്‍ ഒന്നായ പണക്കാരനു കൂടുതല്‍ നികുതി ഏര്‍പ്പെടുത്താന്‍ പ്രസിഡന്റ്‌ ഒബാമയും നിര്‍ബന്ധിതനായി.

സമ്പത്തീകമായി ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ ഈ തുടരന്‍ മാന്ദ്യത്തിന് ക്യാപിറ്റലിസത്തെയും ഓഹരി മാര്‍ക്കറ്റുകളെയും ആണ് പഴിക്കുന്നത്. ജനങ്ങളുടെ , പുതു തലമുറയുടെ നഷ്ടപ്പെട്ടു എന്നു കരുതിയ വിപ്ലവാഗ്നി വീണ്ടും കത്തി ജ്വലിക്കുന്ന കാഴ്ച ആണ് ഇന്ന് ലോകം മുഴുവന്‍ കാണുന്നത്.

ഈ സമര മുറക്ക് ഇതുവരെയും ഒരു നേതൃത്വം മുന്നോട്ടു വന്നിട്ടില്ല എങ്കില്‍ പോലും മിക്ക രാജ്യങ്ങളിലെയും ഇടതു പക്ഷ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യു എന്‍ സെക്രെട്ടറി ജെനെറല്‍ ബാന്‍ കി മൂണ്‍ ആണ് ഈ സമര രീതിയെ പിന്തുണച്ചവരില പ്രമുഖന്‍.

നുറുങ്ങു വെട്ടം.

പൊതുവേ അമേരിക്കന്‍ സമൂഹത്തില്‍ നഷ്ടപ്പെട്ടു പോയ ഇടതു പക്ഷ സ്വാധീനം ഒരു ഉയിര്‍ത്തെഴുന്നെല്‍പ്പിന്റെ പാതയിലാണ് ഈ സമരത്തിലൂടെ പ്രകടമാവുന്നത്. 1960 ല്‍ ന്യൂ ലെഫ്റ്റ് മൂവ്മെന്റ് എന്ന പ്രസ്ഥാനം രൂപീകരിച്ച മൈക്കില്‍ കസിന്‍ പറയുന്നു, " ഇത്ര നാള്‍ വിസ്മൃതിയില്‍ ആണ്ടിരുന്ന ഒരു ജനതയുടെ തിരിച്ചു വരവ് " അദേഹം പറയുന്നു, ഞങ്ങള്‍ ഇങ്ങനെ ഒരു അവസരം നോക്കി ഇരിക്കയായിരുന്നു, അതാ അതിപ്പോള്‍ വന്നു കഴിഞ്ഞു. വാള്‍ സ്ട്രീറ്റ്‌ കയ്യടക്കുക, എന്ന ഈ സമര മുഖം ഇപ്പോഴും അതിന്റെ ശൈശവ ദശയില്‍ ആണ്. ഒരു പക്ഷെ ഇതില്‍ നിന്ന്, നേതാക്കള്‍ ഉരുത്തിരിഞ്ഞു വന്നേക്കാം, ഇതിനൊരു രാഷ്ട്രീയ മാനം തന്നെ ലഭിച്ചേക്കാം. മറ്റൊരു കക്ഷി തന്നെ ഇതില്‍ നിന്ന് രൂപീക്രിതമായെക്കാം, എല്ലാവരും ഉറ്റു നോക്കുന്നതും അതിനു വേണ്ടി ആണ്. ഇന്ന് ലോകം മുഴുവന്‍ പാര്‍ശ്വ വല്ക്കരിക്കപ്പെട്ട ജനം പുതിയ ഒരു മുന്നേറ്റത്തിനായി കാതോര്‍ത്ത് നില്‍ക്കുന്നു. പഴയ സങ്കല്‍പ്പങ്ങള്‍ , മാമൂലുകള്‍ ഒക്കെ പിഴുതു മാറ്റി, പുതിയ ഒരു സാമൂഹ്യനീതി നിര്‍വഹണത്തിന് വേണ്ടി, ഒരു നവലോകം കേട്ടിപ്പെടുക്കാന്‍ വേണ്ടി, രാഷ്ട്രീയത്തിനെയും അത് വഴി രാഷ്ട്രത്തിനെയും അഴിമതിയില്‍ നിന്ന് വിമുക്തമാക്കുവാന്‍, ആര്‍ത്തിയില്‍ നിന്നും അത്യാര്തിയില്‍ നിന്നും കര കയറ്റുവാന്‍ ...

അമേരിക്കയില്‍ തുടങ്ങിയ വാള്‍ സ്ട്രീറ്റ്‌ കയ്യേറുക എന്നാ ഈ സമരം 80ല്‍ അധികം രാജ്യങ്ങളിലെ 1500 ല്‍ അധികം നഗരങ്ങളില്‍ പൊതുവില്‍ സമാധാനപരം ആയി നടന്നു എങ്കില്‍ പോലും ഒക്ടോബര്‍ 15 നു റോം തുടങ്ങിയ നഗരങ്ങളില്‍ അക്രമാസക്തമാവുകയും ചെയ്തു. ഒക്ടോബര്‍ 15 നു നടന്ന റാലിയിലും സമരത്തിലും ഇറ്റലിയിലെ റോമിലും, സ്പെയിനിലെ മാഡ്രിഡ, പോര്‍ച്ചുഗലിലെ ലിസ്ബന്‍ എന്നീ നഗരങ്ങളില്‍ പതിനായിരക്കണക്കിനു ജനങ്ങള്‍ ആണ് തെരുവിലിറങ്ങി തങ്ങളുടെ രോഷം പ്രകടമാക്കിയത്. ഈ സമരമുറക്കെതിരെ ഭരണകൂടങ്ങള്‍ ഉണര്‍ന്നു തുടങ്ങിയെങ്കിലും ഈ വിപ്ലവത്തിന്റെ ജ്വാലകള്‍ കൂടുതല്‍ കൂടുതല്‍ ജനമനസ്സിലേക്ക് പകര്‍ന്നു കൊണ്ട് മുന്നോട്ടു പോകുന്നതില്‍ പുതിയ പ്രതീക്ഷകള്‍ നാമ്പിടുന്നു.

No comments:

Post a Comment