Friday 16 March 2012

എന്‍ഡോ സള്‍ഫാന്‍ വിഷയം മാനുഷീക പ്രശ്നമായി ഏറ്റെടുക്കുക.

1999 ഡിസംബര്‍ 22, ഹെലികോപ്റ്റര്‍ വഴി കശുമാവിന്‍ തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടു പരിസ്ഥിതി വാദികളായ ഒരുകൂട്ടം യുവാക്കള്‍ ബോവിക്കാനത്തു പ്ലാന്റേഷന്‍ കോര്‍പരേഷന്‍ ഓഫിസിനു മുന്നില്‍ സമാധാനപരമായി സമരം നടത്തിയവരെ സി പി എം , സി ഐ ടി യു പ്രവര്‍ത്തകര്‍ തല്ലി ഓടിക്കുകയായിരുന്നു. അക്കാലത്ത് പരിസ്ഥിതി വാദികളും കൃഷി ശാസ്ത്രഞ്ഞരും ഹെലികോപ്റ്റര്‍ വഴി എന്‍ഡോ സള്‍ഫാന്‍ ഉപയോഗിക്കുന്നതിനെ എതിരത്തപ്പോള്‍ കൃഷി മന്ത്രി ശ്രീ കൃഷ്ണന്‍ കണിയാംപറമ്പില്‍ എന്‍ഡോ സല്ഫാന്റെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുകയായിരുന്നു. കശുമാവിന്‍ തോട്ടത്തില്‍ വ്യാപകം ആയി കണ്ടിരുന്ന തേയിലക്കൊതുകുകളെ തുരത്തുവാന്‍ ആണ് എന്തോ സള്‍ഫാന്‍ ഹെലിക്കോപ്റ്റര്‍ മുഖേന ഇവിടെ തളിക്കാന്‍ അനുമതി കൊടുത്തത്. പരിസ്ഥിതി വാടികലുടെയോ, ഗവേഷകരുടെയോ വിദഗ്ദ അഭിപ്രായം തേടാന്‍ മന്ത്രിയും കൃഷി വകുപ്പും പ്ലാന്റേഷന്‍ കോര്‍പ്പറേഷനും തയ്യാറായില്ല എന്നത് ഏറ്റവും ദുഖകരം ആയി ഇന്നും അവശേഷിക്കുന്നു. എന്‍ഡോ സള്‍ഫാന്‍ ഏരിയല്‍ സ്പ്രേ ആയി തളിചില്ലെന്കില്‍ ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പട്ടിണി ആകും എന്ന കാരണം പറഞ്ഞാണ് അന്ന് സി പി എം പ്രകടനക്കാരെ കായികം ആയി നേരിട്ടത്.
ഈ വിഷയം ഇവിടെ ഉദ്ധരിക്കുവാന്‍ കാരണം ഇന്നും എന്‍ഡോ സള്‍ഫാന്‍ വിഷയം ഒരു മാനുഷീക വിഷയമായി കാണാതെ രാഷ്ട്രീയ കക്ഷികള്‍ അവരുടെ രാഷ്ട്രീയ ലാഭത്തിനായി മാത്രം ഇരകളെ കാണുന്നു എന്നതിനാലാണ്. എന്ത് കൊണ്ട് ഇവര്‍ ആത്മാര്‍ഥമായി ഈ വിഷയം ഏറ്റെടുക്കുന്നില്ല?
എന്ത് കൊണ്ടോ കേരളത്ത്തിലെ രാഷ്ട്രീയക്കാര്‍ക്ക് കാസര്‍കോട്ടെ എന്മകജെ, സ്വര്‍ഗം തുടങ്ങിയ പതിനൊന്നു പഞ്ചായത്തുകള്‍ അടങ്ങിയ ഈ പ്രദേശത്തോട് അത്ര മമതയില്ല. അടിസ്ഥാന സൌകര്യ വികസനം ഒട്ടും എത്താത്ത ഒരു പ്രദേശം ആണിവിടം. ആവശ്യത്തിന് റോഡുകള്‍ ഇല്ല, വെളിച്ചം ഇല്ല, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ആവശ്യത്തിനില്ല. ഇത് കേരളത്തിന്റെ ഭാഗം ആണോ എന്ന് പോലും സംശയിക്കും. , ഒരു പക്ഷെ കേരളത്തിലെ തന്നെ ഏറ്റവും പാവപ്പെട്ട ജനം താമസിക്കുന്ന ഒരു പ്രദേശം ആയതിനാലാവും ഈ പ്രദേശത്തെ ഇവര്‍ മനപ്പൂര്‍വ്വം മറന്നത്.
എന്‍ഡോ സള്‍ഫാന്‍ പരിപൂര്‍ണ്ണമായും നിരോധിക്കണം. കേരളത്തില്‍ ഇത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിരോധിച്ചതാണ് എങ്കില്‍ കൂടി അതിപ്പോഴും കേരളത്തില്‍ സുലഭം ആയി ലഭിക്കുന്നു. കേരളത്തില്‍ അതിര്‍ത്തിയില്‍ യാതൊരു പരിശോധനയും ഇല്ലാതെ, അല്ലെങ്കില്‍ അഴിമതി നടത്തി അവയൊക്കെയും കേരളത്തിലേക്ക് എത്തിക്കുന്നു. ഇനി ഇതിലും ഭയാനകമായ മറ്റൊരു സംഭവം നമ്മുടെ തൊട്ടടുത്ത തമിഴ് നാട്ടില്‍ നിന്നാണ് ഏറ്റവും അധികം പച്ചക്കറികള്‍ കേരളത്തില്‍ വരുന്നത്. അവിടെ എന്‍ഡോ സള്‍ഫാന്‍ ആണ് പ്രധാനമായും ഉപയോഗിക്കുന്ന കീട നാശിനി. തമിഴ്‌ നാട്ടില്‍ നിന്ന് വരുന്ന പച്ചക്കറികളില്‍ എന്‍ഡോ സല്ഫാന്റെ അളവ് എത്രത്തോളം ഉണ്ട് എന്ന് പരിശോധിക്കുവാനുള്ള മാര്‍ഗം പോലും കേരളത്തില്‍ ഇല്ല.
കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഉള്ള ഹിന്ദുസ്ഥാന്‍ ഇന്സേക്റ്റിസൈഡ് ലിമിറ്റഡ് എന്ന സ്ഥാപനം ഏലൂരില്‍ എന്‍ഡോ സള്‍ഫാന്‍ ഉല്പാദിപ്പിക്കുന്നു. ഈ കമ്പനി നടന്നു പോകാന്‍ വേണ്ട എല്ലാ പ്രാദേശിക അനുമതിയും കഴിഞ്ഞ അഞ്ചു വര്‍ഷവും നമ്മുടെ ഭരണാധികാരികള്‍ ഈ കമ്പനിക്ക് നല്‍കി. എന്തായാലും ഇന്ന് മുഖ്യമന്ത്രി പറയുന്നത് കേട്ടു ഈ ഫാക്റ്ററി അടച്ചു പൂട്ടുവാന്‍ ശ്രമം നടത്തും എന്ന്, വളരെ മുന്‍പേ ഇത് അടച്ചു പൂട്ടേണ്ടാതായിരുന്നു.
ശ്രീ രാജു നാരായണ സ്വാമി , കാസര്‍കോട് കലക്ടര്‍ ആയിരിക്കുമ്പോള്‍ എന്‍ഡോ സള്‍ഫാന്‍ ബാധിതരെ പുനരധിവസിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു യു ഡി എഫ , എല്‍ ഡി എഫ സര്‍ക്കാരുകള്‍ക്ക് കൊടുത്ത റിപ്പോര്‍ട്ടുകള്‍ രണ്ടു സര്‍ക്കാരുകളും തള്ളിക്കളഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വി എസ്സ അച്ചുതാനന്ദന്‍ ഈ പ്രദേശം സന്ദര്‍ശിക്കുകയും ദുരിത ബാധിതര്‍ക്ക് സഹായഹസ്തം നീട്ടുകയും ചെയ്തു. ഈ സര്‍ക്കാര്‍ വന്നിട്ടും ദുരിതബാധിതര്‍ക്ക്‌ ചികിത്സക്ക് വേണ്ട സഹായം ലഭിച്ചില്ല മറിച്ച്, മരണമടഞ്ഞവരുടെ അസ്രീതര്‍ക്ക് മാത്രം ആണ് സഹായം ലഭിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് ആദ്യ രണ്ടു വര്ഷം എന്‍ഡോ സള്‍ഫാന്‍ ബാധിതര്‍ക്ക് ചികിത്സ സഹായം നല്‍കി എങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ അവരെ പാടെ മറക്കുകയാണ് ഉണ്ടായത്.
സോളിടാരിറ്റി പോലുള്ള സംഘടനകളും ശ്രീ റഹ്മാന്‍ മാഷിന്റെ നേതൃത്വത്തില്‍ ഉള്ള എന്ടോസള്‍ഫാന്‍ ആക്ഷന്‍ കമ്മിറ്റിയും മറ്റു ചില സാമൂഹിക, സാമുദായിക സംഘടനകള്‍ ആണ് ഇപ്പോഴും ഇവരുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നത്. ഇവരുടെ ശ്രമഫലം ആയിട്ട് ആണ് ഇവിടെ ഉള്ള രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്ന ഏക വഴി.
എന്തായാലും പേരിനെങ്കിലും സ്റ്റോക്ക്‌ ഹോം കണ്‍വെന്ഷനില്‍ എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചു, ചില ഇളവുകളോട് കൂടി. അടുത്ത അഞ്ചു വര്ഷം ഇന്ത്യയില്‍ എന്‍ഡോ സള്‍ഫാന്‍ ഉപയോഗിക്കാം, തക്കാളി, ഏലം, തേയില, കാപ്പി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങി 23 ഇനം കൃഷികള്‍ക്കു ഇത് നിരോധനം നിലവില്‍ വന്നു കഴിഞ്ഞു അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഉപയോഗിക്കാം. അപ്പോഴും എന്‍ഡോ സള്‍ഫാന് പകരം പുതിയ കീടനാശിനി കണ്ടു പിടിച്ചില്ല എങ്കില്‍ വീട്നും അഞ്ചു വര്ഷം കൂടി ഉപയോഗിക്കാം എന്ന് പോലും. ഇത് വെറും സാങ്കേതികം മാത്രം ആയ ഒരു നിരോധനം മാത്രം. ഇവിടെ ഒരിക്കലും നമുക്ക് സന്തോഷിക്കാന്‍ വക കാണുന്നില്ല. കേരളത്തില്‍ ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്ന നിരോധനം ഫലപ്രാപ്തിയില്‍ എത്തിക്കുവാന്‍ നമ്മുടെ സര്‍ക്കാരുകള്‍ ശ്രദ്ധിക്കണം.
എന്‍ഡോ സള്‍ഫാന്‍ നിരോധിക്കണം എന്ന് ആവശ്യപ്പെടുമ്പോള്‍ പോലും എന്ത് കൊണ്ട് ആണ് സര്‍ക്കാര്‍ ഇത് ബാധിച്ച ജനങ്ങളെ ചികിത്സിക്കാന്‍ അവിടെ ഒരു നല്ല ആശുപത്രി പോലും നിര്‍മ്മിക്കാത്തത്. ഇപ്പോഴും രോഗികള്‍ ചികിതസക്കായി മംഗലാപുരം ആശുപത്രികളെ ആണ് സമീപിക്കുന്നത്. സര്‍ക്കാര്‍ ചെയ്യേണ്ടത്, കാസര്‍കോട്ടെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അടച്ചു പൂട്ടുക. ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക്‌ സൌജന്യ ചികിത്സ നല്‍കുക., സാധിക്കുന്നിടത്തോളം ജനങ്ങളെ മറ്റപ്രദേശങ്ങളിലേക്ക് പുനരധിവസിപ്പിക്കുക. എന്‍ഡോ സള്‍ഫാന്‍ ബാധിച്ച എല്ലാ കുടുംബങ്ങളെയും സര്‍ക്കാര്‍ ഏറ്റെടുക്കുക. അതിര്‍ത്തികളില്‍ കൂടി ഈ കീടനാശിനി കേരളത്തിലേക്ക് കടക്കാതിരിക്കാന്‍ ശകതമായ കാവല്‍ സംവിധാനം ഉണ്ടാക്കുക. ഏലൂരിലെ എച്ച് ഐ എല്‍ എന്ന ഫാക്റ്ററിയില്‍ എന്‍ഡോ സള്‍ഫാന്‍ നിര്‍മ്മിക്കുവാന്‍ അനുമതി കൊടുക്കാതിരിക്കുക. ഏതെന്കിലും തോട്ടങ്ങള്‍ എന്‍ഡോ സള്‍ഫാന്‍ ഉപയോഗിക്കുന്നു എങ്കില്‍ അവര്‍ക്കെതിരെ കൊലപാതക കുറ്റത്തിനു കേസ് എടുക്കുക. എന്‍ഡോ സള്‍ഫാന്‍ വിഷയം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വളമാക്കാതെ ഇതൊരു മാനുഷീക പ്രശനം ആയി കരുതി ആവശ്യമുള്ള നടപടികള്‍ കൈക്കൊള്ളുക. .
എന്‍ഡോ സള്‍ഫാന്‍ നിരോധിക്കണം എന്നതൊരു ആവശ്യം ആയിരുന്നു എങ്കില്‍ കൂടി അതിലും പ്രധാനം ഇരകള്‍ക്ക് വേണ്ട ചികിത്സ ആണ്. അതിനായി സൌകര്യം ഉള്ള ആശുപത്രികള്‍ ഈ പ്രദേശത്തു ആവശ്യം ആണ്. അത് പോലെ ഈ രോഗം ബാധിച്ച കുട്ടികള്‍ ഇപ്പോഴും അനേകം കിലോ മീറ്ററുകള്‍ നടന്നാണ് വിദ്യാലയത്തില്‍ എത്തുന്നത്. അതിനുപകരം ആശുപത്രിയോട് അടുത്തു തന്നെ ഈ കുട്ടികള്‍ക്ക് താമസിച്ചു പഠിക്കുവാന്‍ വേണ്ട ഹോസ്റ്റല്‍ സൗകര്യത്തോട് കൂടിയ സ്കൂള്‍ അത്യാവശ്യം ആണ്. അത് പോലെ തന്നെ ദുരിതം ബാധിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കൊടുക്കുകയും അവരെ പുനരധിവസിപ്പിക്കുകയും ആയിരിക്കണം സര്‍ക്കാരിന്റെ പ്രഥമ കര്‍ത്തവ്യം. അത് പോലെ ഈ പ്രദേശത്തെ അടിഥാന വികസനത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ശ്രദ്ടിക്കണം.

No comments:

Post a Comment