Thursday 24 May 2012

അരാഷ്ട്ര വാദവും ഒരു പണിമുടക്കും.


പണിമുടക്കിയാലും വെറുതെ ഇരിക്കാന്‍ പറ്റില്ലല്ലോ... ഇന്ന് ദുബായ് ഷാര്‍ജ വഴിക്കൊക്കെ ഒന്നിറങ്ങി പണിമുടക്ക്‌ ഒക്കെ എങ്ങനെ നടക്കുന്നു എന്നറിയാന്‍ ഒരു മറ്റേതു... എന്ത്? ജിജ്ഞാസ ..


ഗിസയിസില്‍ നിന്ന് എയര്‍ പോര്‍ട്ട് ടണല്‍ റോഡില്‍ കൂടി ഷാര്‍ജ ലിങ്ക റോഡു വഴി ഒരു യാത്ര... ഷാര്‍ജയിലെക്കുള്ള റോഡില്‍ വാഹനങ്ങള്‍ അത്യപൂര്‍വം ആയിരുന്നു, (മറുവശത്തെ റോഡിലേക്ക് ഞാന്‍ നോക്കാറില്ല, വളരെ സൂഷ്മമായി വാഹനം ഓടിക്കുന്ന ആള്‍ ആണ് ഞാന്‍)  ആ കാഴ്ച എന്നെ അഭിമാന  പുളകിതനാക്കി.. ഷാര്‍ജയിലുള്ളവര്‍ എല്ലാവരും പൊതു പണിമുടക്കില്‍ പങ്കേടുക്കുന്നല്ലോ എന്നൊരു ആശ്വാസം. ലിങ്ക റോഡു വഴി അല്‍ നാദ ഭാഗത്ത് എത്തിയപ്പോള്‍ ഷാര്‍ജ ഭാഗത്തെ അപൂര്‍വമായി മാത്രം ചില പ്രൈവറ്റു വാഹനങ്ങള്‍ വളരെ പതുക്കെ മുന്നോട്ടു നീങ്ങുന്നു... വല്ല ആശുപത്രി കേസോ, ക്ഷേത്ര ദര്‍ശനത്തിനു പോകുന്നവരോ ആയിരിക്കും.


പക്ഷെ മലയാള നാട് യു എ ഇ ഹെഡ്‌ ക്വാര്‍ട്ടെര്സിന്റെ അടുത്തു കൂടി ഒക്കെ ഒന്ന് തിരിഞ്ഞപ്പോള്‍ സംഗതി പന്തിയല്ല എന്ന് മനസിലായി... ദുബായ് ഭാഗത്തേക്കുള്ള റോഡു ബ്ലോക്ക്‌ ചെയ്തിരിക്കുന്നത് കാണുവാന്‍ കഴിഞ്ഞു... മുന്‍പില്‍ എവിടെയോ വാഹനങ്ങള്‍ തടഞ്ഞിരിക്കണം...ധീര വീര പണിമുടക്കികളെ  മനസ്സില്‍ നമിച്ചു കൊണ്ടും  നിറയെ അഭിവാദ്യങ്ങള്മായി അവിടെ കുറെ നേരം നിന്നു ..


സേവ, ( ഷാര്‍ജ എലെക്ട്രിസിറ്റി) ആഫീസില്‍ നിന് രണ്ടു പഹയന്മാര്‍ രാവിലെ  7.30 നു ഇന്‍സ്പെക്ഷന് ഷോപ്പില്‍  വരും എന്ന് പറഞ്ഞിരുന്നു.. ആ പഹയന്മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടോ എന്നതും വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു... വല്ല കരിങ്കാലി പണിയും ഇവറ്റകള്‍ ചെയ്തു കൂട്ടിയാലോ... എഴരയായി, എട്ടു മണിയായി, .. അവന്മാരെ കാണുന്നില്ല... ഞാന്‍ പുളകിത ഗാത്രനായി കുറച്ചു നേരം കൂടി അവിടെ നിന്ന്...


 എട്ടരയായി, എന്‍റെ ദേഹത്തെ രോമങ്ങള്‍ പോലും എഴുന്നേറ്റു നിന്ന് പണിമുടക്കിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുവാന്‍ തുടങ്ങിയപ്പോള്‍ , അതാ ഒരു പിക്കപ്പ്  ട്രക്ക്  ഷോപ്പിന്റെ മുന്നില്‍ നിര്‍ത്തുകയും തടിമാടന്മാരായ രണ്ടു പാക്കിസ്ഥാനികള്‍ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി ഷോപ്പിലെ കയറുവാനും നോക്കുന്നു.. ഞാന്‍ പെട്ടെന്ന് കടയുടെ വാതില്‍ ചാരിയിട്ടു പുറത്തിറങ്ങി... കണ്ടിട്ട് ഇവന്മാര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ആയിരിക്കും. കട അടപ്പിക്കുവാന്‍ വരുന്നതാവും... അവന്മാര്‍ കയ്യില്‍ ഇരിക്കുന്ന പേപ്പറില്‍ നോക്കി, കടയിലെക്കും എന്‍റെ മുഖത്തേക്കും നോക്കുന്നു... ഒരു നിമിഷം എന്‍റെ മനസ്സില്‍ കൊള്ളിയാന്‍ മിന്നി. വല്ല ക്വോട്ടെഷനും ആകുമോ?


"ആരെങ്കിലും ഒറ്റു കൊടുത്തതാകും." എന്നിലും ആത്മ ഗതം ..


പിന്നീടാണ് അവര്‍ സേവ ആപ്പീസില്‍ നിന്നും വന്നവര്‍ ആണ് എന്ന് മനസിലായത്... വന്ന ഉടനെ അവര്‍ ക്ഷമാപണം നടത്തി... ഇന്ന് അന്തര്‍ ദേശിയ പണിമുടക്ക്‌ ആണ്, അതിനാല്‍ രാവിലെ ഒരു മണിക്കൂര്‍ സമരത്തില്‍ പങ്കെടുത്തിട്ടാണ് വരുന്നത് എന്നും.. പിന്നെ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങി നേതാക്കന്മാര്‍ അനുഭവിക്കുന്ന കൊടും ദാരിദ്ര്യത്തെ  ( ആശയ പരം ) കുറിച്ചുമൊക്കെ വിങ്ങി പൊട്ടി ആണവര്‍ തിരികെ പോയത്...


ഒടുവില്‍ തിരികെ ദുബായിലേക്ക് പോകാം എന്ന് കരുതി ദുബായി റോഡില്‍ വരുമ്പോള്‍, ആദ്യം ബ്ലോക്ക്‌ ആയിരുന്ന റോഡില്‍ നിന്ന് വാഹനങ്ങള്‍ ഒക്കെ കുറേശ്ശെ ആയി നീങ്ങുന്നു... വാഹനം തടഞ്ഞവരെ പോലീസ്‌ എത്തി , ലാത്തി വീശിയും കണ്ണീര്‍ വാതകം, ജല പീരങ്കി, ഗ്രനേഡ്‌, വെടിവയ്പ്പ് തുടങ്ങിയ തൊഴിലാളി വിരുദ്ധ മര്‍ദ്ദന പീഡന പരിപാടി ഒക്കെ കഴിഞ്ഞു വാഹനങ്ങള്‍ നീങ്ങുന്നതായിരിക്കും.. വായില്‍ നിന്ന് പോലീസിനെതിരെ അജ്ഞാത ശബ്ദങ്ങള്‍ പുറത്തു വന്നു കൊണ്ടിരുന്നു... ( പോലീസ് ഞങ്ങള്‍ക്ക് പുല്ലാണേ, എന്ന് തുടങ്ങി പലതും ...)ഇപ്പോഴും പക്ഷെ വാഹനങ്ങള്‍ ഇഴഞ്ഞു ആണ് നീങ്ങുന്നത്... എന്തായാലും ആരോടെങ്കിലും ഒന്ന് തിരക്കാം എന്ന് കരുതി അടുത്തു കണ്ട വാഹന ഉടമയോട് ചോദിച്ചപ്പോള്‍ ആണ്, മനസിലായത്, ഇന്ന് പൊതു പണി മുടക്ക് ആയതിനാല്‍ ഷാര്‍ജയില്‍ ഉള്ള ജനങ്ങള്‍ എല്ലാവരും കൂടി ദുബായില്‍ കോഴി, കുപ്പി എന്നിവ മേടിക്കാനും മറ്റു ഉല്ലാസ പരിപാടികള്‍ക്കുമായി   പോകുന്നത് ആണ് പോലും...


എന്തായാലും ദുബായ് റോഡില്‍ ഞാനും കൂടി...ഗിസയിസ്‌ വെല്‍ കെയര്‍ ക്ലിനിക്‌ ഏതോ മാടമ്പിയുടെതാണ് എന്ന് കേട്ടിട്ടുണ്ട്... അവിടെ സമരം നടക്കുന്നോ എന്നറിയുവാന്‍ ഉള്ള ആകാംഷയില്‍ അവിടെയും ചെന്ന്... ഇന്നലെ തന്നെ അവിടെ വിളിച്ചു ചോദിച്ചത് അനുസരിച്ച് ഇന്ന് രാവിലെ 8.30 നു ചെല്ലുവാന്‍ ആണ് പറഞ്ഞിരുന്നത്...ഇപ്പോള്‍ തന്നെ സമയം ഒന്‍പതര കഴിഞ്ഞിരിക്കുന്നു... ഒരു പക്ഷെ സമരം എല്ലാം കഴിഞ്ഞു , ക്ലിനിക്‌ ഒക്കെ അടച്ചു അവര്‍ പോയി കാണും... എങ്കിലും ചെന്നു നോക്കി..


വിസിറ്റര്‍ ഏരിയയില്‍ പേരിനു പോലും ഒരു കുഞ്ഞും ഇല്ല, എല്ലാവരും പൊതു പണിമുടക്കില്‍ പന്കെടുക്കുന്നതാവാം കാരണം. ഒരു ഫിലിപ്പിനോ പെന്‍ കുട്ടി പറഞ്ഞത് അനുസരിച്ച് അവളുടെ പിന്നാലെ പോയി. ഒരു മുറിയില്‍ കയറ്റി, ഒരു ത്രാസ്‌ കാണിച്ചു അതില്‍ കയറി നില്‍ക്കാന്‍ പറഞ്ഞു... എന്റെ തൂക്കം നോക്കാന്‍, ഇതെന്താ അറവു പുരയോ... "ഓ യു ലുക്ക്‌ സെക്സി "എന്ന് അവളോട്‌ പറയാന്‍ മനസ്സ് പറഞ്ഞതാ...മ്മടെ മമത ശര്‍മ ഇങ്ങനെ ഒക്കെ പറയാനുള്ള അവകാശം നമുക്ക് തന്നിരിക്കയല്ലേ... എന്തായാലും കയ്യിലും കാതിലും ഒക്കെ ഏതാണ്ടൊക്കെ കയറുകള്‍ കൊണ്ടവള്‍ എന്നെ വരിഞ്ഞു മുറുക്കുന്നു... ഇനി എപ്പോള്‍ വേണമെങ്കിലും എന്നെ അറുക്കും ... അന്ത്യ കൂദാശ പോലും ഇല്ലാതെ...


ഒടുവില്‍ അവള്‍ എന്നെ മറ്റൊരു മുറിയിലേക്ക് കയറ്റി  കതകടച്ചു.. അവിടെ ബുദ്ധി ജീവി പരിവേഷത്തില്‍ , ബുള്‍ഗാന്‍ താടി  ഉള്ള ഒരാള്‍  എന്‍റെ ചങ്കിലും പുറത്തും ഒക്കെ കുറെ തട്ടും മുട്ടും തന്നു... ഇടയ്ക്കിടക്ക് ശ്വാസം വലിച്ചു വിടുവാനും പറഞ്ഞു... ( ഇനി വലിച്ചു വിടുവാന്‍ അധികം ഉണ്ടാകുമോ എന്നൊരു ഭയം ഇപ്പോള്‍ )


വെളിയില്‍ വന്നപ്പോള്‍ പഴയ ഫിലിപ്പിനോ സെക്സി മുന്നില്‍...,...


"ഫാസ്റ്റിംഗ് ആണോ? " എന്‍റെ ദയനീയ ഭാവം കണ്ടു ചോദിച്ചതാവുമോ... എന്തെങ്കിലും കഴിക്കാന്‍ കിട്ടും എന്ന് കരുതി ഞാന്‍ 'അതെ' എന്ന് പറഞ്ഞു...എന്നെ മറ്റൊരു മുറിയില്‍ കൊണ്ട് പോയി കസേരയില്‍ ഇരുത്തി... എന്തെങ്കിലും കഴിക്കാന്‍ കിട്ടും എന്ന് നോക്കിയിരുന്ന എന്‍റെ മുന്നിലേക്ക്‌ ഒരു സൂചിയും ആയി മറ്റൊരു സെക്സി... ഒരു മല്ലു സെക്സി...


 കുറെ രക്തം ആ സെക്സി യക്ഷി കുടിച്ചു തീര്‍ത്തു എന്നു മാത്രം അല്ല... അവര്‍ പറയുകയാണ്‌.,... നിങ്ങള്‍ ഒരു അരാഷ്ട്ര വാദി ആണ്... അതും എന്‍റെ മുഖത്ത് നോക്കി...രക്തത്തിന്‍റെ രുചിയില്‍ നിന്നും എന്തൊക്കെ മനസിലാക്കാം....

ഇല്ല, ഇല്ല , ചോര കൊടുത്ത് നേടിയതാണീ സ്വാതന്ത്ര്യം എന്ന് എനിക്ക് വിളിച്ചു പറയണം എന്നുണ്ടായിരുന്നു... 




( കഴിഞ്ഞ പൊതു പണിമുടക്ക്‌ ദിവസം എഴുതിയത് ആണ്... സാദാരണ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ ദുബായില്‍ നിന്ന് ഷാര്‍ജയിലെക്കുള്ള റോഡു വിജനവും, ഷാര്‍ജയില്‍ നിന്ന് ദുബായിലെക്കുള്ളത് വളരെ തിരക്കേറിയതും ആയിരിക്കും)

1 comment:

  1. ഹ ..ഹ..കാര്യങ്ങള്‍ നല്ല ഭാവനാത്മകമായി തന്നെ പറഞ്ഞു. ഹോ..നമ്മുടെ നാട്ടിലെ സമര മുറകള്‍ ഇവിടെ വന്നാലത്തെ അവസ്ഥ..അത് ഒരു പക്ഷെ ചിന്തിച്ചു നോക്കിയാ ആദ്യ പൌരന്‍ താങ്കള്‍ തന്നെയായിരിക്കും. ആ ഒന്നാം സ്ഥാനം കൈ പറ്റിയതിനു പ്രത്യേക അഭിനന്ദനങ്ങള്‍ ..ആശംസകള്‍..

    താങ്കള്‍ ആണോ ഈ ക്യൂബാ മുകുന്ദന്‍ ?

    ReplyDelete