Saturday 2 June 2012

സുന്ദരിമാരുടെയും സുന്ദരന്മാരുടെയും നാട്ടില്‍


വെള്ളി, 02 മാര്‍ച്ച് 2012 01:30

ഏറോ സ്വിഫ്റ്റ്‌ വിമാനം ഉക്രൈനിന്‍റെ തലസ്ഥാനമായ  കീവില്‍ എത്തിയിരിക്കുന്നു. ഞങ്ങള്‍ വിമാനത്തില്‍ നിന്ന് പുറത്തു കടന്നു. നല്ല തണുപ്പ്, എങ്കിലും സെ. പീറ്റേര്‍സ്ബര്‍ഗിനെ അപേക്ഷിച്ചു തണുപ്പ് കുറവാണ്. ഇവിടെ ഇപ്പോള്‍    മൈനസ് -16 ആണ് തണുപ്പ്. സെ.പീറ്റേര്‍സ് ബര്‍ഗില്‍ മൈനസ് 25 ആയിരുന്നു തണുപ്പ്. കയ്യിലെ ഗ്ലൌസ് എവിടെയോ നഷ്ടപ്പെട്ടതിനാല്‍ കൈകള്‍ മരവിച്ച പോലെ ആയി.

ഞങ്ങള്‍ക്ക് കാണേണ്ടത് മരിയയെ ആണ്. മരിയ ഒഡീസ എന്നാ തുറമുഖ നഗരത്തില്‍ ആണ് എന്ന് പറഞ്ഞതിനാല്‍ , ഞങ്ങള്‍   ഒഡീസയിലേക്കാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. കീവില്‍ നിന്ന് ഒഡീസയിലേക്ക് രണ്ടു  മണിക്കൂര്‍ കഴിഞ്ഞാണ് വിമാനം. അതുവരെയും കീവ് എയര്‍പോര്‍ട്ടില്‍ വെയിറ്റ്‌ ചെയ്യണം.. എന്തായാലും ഞങ്ങള്‍ മരിയയെ വിളിച്ചു. മരിയ കീവില്‍ ഉണ്ട്, അവള്‍ ഞങ്ങള്‍ക്ക് ആയി ഹോട്ടല്‍ ബുക്ക്‌ ചെയ്തിരിക്കുന്നത് കീവില്‍ ആണ് പോലും. ടൂറിസ്റ്റ്‌ ക്ലബ്‌ ഹോട്ടലില്‍ ആണ് ഞങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യം ചെയ്തിരിക്കുന്നത്. ഞങ്ങളോടെ എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സി പിടിച്ചു ഹോട്ടലില്‍ എത്താനും, പിറ്റേന്ന് അവള്‍ ഞങ്ങളെ ഹോട്ടലില്‍ വന്നു കണ്ടു കൊള്ളാമെന്നും പറഞ്ഞു. ഞങ്ങളുടെ ഒഡീസ വിമാനത്തിന്റെ ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യണം.

ഞങ്ങള്‍ എമിഗ്രേഷന്‍ കൌണ്ടറില്‍   എത്തി. വളരെ വലിയ സൌകര്യങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു എയര്‍ പോര്‍ട്ട്‌. . ഏഴു മണി ആകുന്നു  ഇപ്പോള്‍,  പുറത്തു നല്ല ഇരുട്ട് വീണു. എമിഗ്രേഷന്‍ കൌണ്ടറില്‍ വലിയ തിരക്ക് കാണാം. കൂടുതല്‍ യാത്രക്കാരും റഷ്യക്കാര്‍ ... ഉക്രൈനില്‍ റഷ്യക്കാര്‍ക്ക് വളരെ കണിശമായ എമിഗ്രേഷന്‍ ചെക്കിംഗ് ആണ്. ഞങ്ങള്‍ ഒരു ക്യുവിന്റെ പിന്നില്‍ നിന്ന്. ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കൌണ്ടറില്‍ എത്തി. ഞങ്ങളുടെ പാസ്പോര്‍ട്ട്‌ കണ്ട ഉടനെ , ഞങ്ങളോടെ അവിടെ മാറി നില്‍ക്കാന്‍ പറഞ്ഞു. ഒരു മാതിരി തടവ്‌ പുള്ളികളെ പോലെ. 




കുറച്ചു കഴിഞ്ഞു ഒരു ഓഫീസര്‍ ഞങ്ങളെ ഓരോരുത്തരെ ആയി അയാളുടെ മുറിയിലേക്ക് വിളിച്ചു. എന്തിനാണ് ഉക്രൈനില്‍ വന്നത്? ടൂറിസം വിസ ആയതിനാല്‍ ടൂറിസത്തിനു വേണ്ടി എന്ന് ഞാന്‍ പറഞ്ഞു? എത്ര നാള്‍ ഉക്രൈനില്‍ തങ്ങും? വിവാഹം കഴിച്ചതാണോ? കയ്യില്‍ എത്ര പണം ഉണ്ട്? ഉക്രൈനില്‍ പരിചയക്കാര്‍ ഉണ്ടോ? എവിടെ ആണ് താമസം തുടങ്ങി കുറെ ചോദ്യങ്ങള്‍ .ഫെബ്രുവരി 23 ബുധനാഴ്ച ആണ് ഞങ്ങള്‍ക്ക് തിരികെ മോസ്കോയിലേക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്തിരിക്കുന്നത്. ടിക്കറ്റും അദേഹത്തിന് കാട്ടി കൊടുത്തു.   ഒടുവില്‍ ഞങ്ങളുടെ പാസ്പോര്‍ട്ടില്‍ എന്‍ട്രി സ്റ്റാമ്പ് അടിച്ചു. ഞങ്ങള്‍ പുറത്തിറങ്ങി. തിരക്ക് നന്നേ കുറഞ്ഞിരിക്കുന്നു. നേരെ ഏറോ സ്വിഫ്റ്റ്‌ കൌണ്ടറില്‍ പോയി ഞങ്ങളുടെ ഒഡീസ ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്തു. പ്രായമായ ഒരു സ്ത്രീ ആണ് കൌണ്ടറില്‍.. വളരെ തര്‍ക്കിച്ഛതിനു ശേക്ഷം ആണ് അവര്‍ ഞങ്ങള്‍ക്ക് ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്തു തന്നത്.
നമ്മുടെ നാട്ടിലെ പോലെ തന്നെ ഇവിടെ ടാക്സിക്കാര്‍, എല്ലാം പ്രൈവറ്റ് ടാക്സികള്‍.,   വിമാനത്താവളത്തില്‍ ടാക്സിക്കാരെ മുട്ടിയിട്ടു നടക്കാന്‍ കഴിയില്ല. എല്ലാവരും വലിയ തുകകള്‍ ആണ് ചോദിക്കുന്നത്. ആദ്യം  ചോദിച്ചതിന്‍റെ പകുതി തുകക്ക് ഒടുവില്‍ ഹോട്ടലിലേക്ക് പോകാന്‍ ടാക്സി ക്കാരന്‍ തയ്യാര്‍ ആയി. അത്ര മാത്രം ഞങ്ങള്‍ക്ക്  ബാര്‍ഗയിന്‍ ചെയ്യേണ്ടി വന്നു.

ഇരുപതു മിനിറ്റില്‍ ഞങ്ങള്‍ ഹോട്ടലില്‍ എത്തി. ഇത് വരെ പോയ ഹോട്ടലുകളില്‍ നിന്ന് വ്യത്യസ്തം ആയി, ഹോട്ടലില്‍ നിന്ന് പരിചാരകര്‍ വന്നു ഞങ്ങളുടെ ബാഗുകള്‍ കൊണ്ടുപോയി. നമ്മുടെ നാടിന്റെ ഒരു രീതി.   എന്തു കൊണ്ടോ, യൂറോപ്പ്, റഷ്യ എന്നീ രാജ്യങ്ങളില്‍  നിന്ന് വ്യത്യസ്തം ആയ നമ്മുടെ രീതികളും ആയി ഇടപഴകാന്‍ പറ്റുന്ന ആളുകള്‍ ആണ് ഉക്രൈന്‍ ജനങ്ങള്‍..,.  അധികം ജാഡകള്‍ ഒന്നും ഇല്ലാത്ത സാധാരണക്കാരായ ജനങ്ങള്‍, . ഒരു പക്ഷെ മറ്റു റഷ്യ, യൂറോപ്യന്‍ രാജ്യങ്ങളിലെ അത്ര സാമ്പത്തീക ശക്തി ആയിരുന്നില്ല ഉക്രൈന്‍ , അത് കൊണ്ടാകാം.

ഉക്രൈന്‍ സുന്ദരികള്‍, ദുബായില്‍ ഒരു കാലത്ത് വളരെ ഉണ്ടായിരുന്നു എങ്കിലും അവരെ റഷ്യക്കാര്‍ എന്നാണ് പൊതുവേ വിളിച്ചിരുന്നത്‌..  ഒരു പക്ഷെ ലോകത്തിലെ ഏറ്റവും സുന്ദരന്മാരും സുന്ദരികളും ഉക്രൈന്‍ കാരാണ്. നല്ല കടഞ്ഞെടുത്ത ശരീര ഘടന. മനോഹരമായ മുഖങ്ങള്‍ , നല്ല വിനയാന്വിതമായ സംഭാക്ഷണം. വളരെ ആകര്‍ഷകമായി തോന്നി.  എന്ത് കൊണ്ടോ ഉക്രൈനോടും അവിടുത്തെ ജനങ്ങളോടും പെട്ടെന്നോരടുപ്പം ഉണ്ടായ പോലെ... ഹോട്ടലില്‍ പലരും ആയി പരിചയപ്പെട്ടു... പാശ്ചാത്യര്‍ പലരും ഉക്രൈനില്‍ എത്തുന്നത് സെക്സ് ടൂറിസത്തിന് വേണ്ടി ആണ് എന്ന് അവരുടെ വര്‍ത്തമാനത്തില്‍ നിന്നും മനസിലായി. ഉക്രൈനിലെ ജനങ്ങളുടെ സാമ്പത്തീക സ്ഥിതി , യൂറോപ്യന്‍ നഗരങ്ങളുടെതില്‍ നിന്നും വളരെ പിന്നിലാണ്. മാത്രമല്ല, മറ്റു കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കിട്ടുന്ന പരിഗണന, യൂറോപ്യന്‍ യൂണിയനില്‍ അംഗം അല്ലാത്ത ഉക്രൈന് ലഭിക്കുന്നും ഇല്ല. യൂറോപ്യന്‍ യൂണിയനില്‍ അംഗം അല്ലാത്തതിനാല്‍ , മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ സഞ്ചരിക്കണം എങ്കില്‍ ഉക്രൈന്‍ നിവാസികള്‍ക്ക് വിസ വേണം, സ്വതന്ത്രമായി യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യണോ, ബിസിനെസ്സ്‌ നടത്തുവാനോ സാധ്യമല്ല. 


ഉക്രൈന്‍ , കൃഷിയെ അതി ജീവിച്ചു കഴിയുന്ന ഒരു രാജ്യം ആണ്. സോവിയറ്റ് യൂണിയന്‍ വിഭജിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ സാമ്പതീകമായി വളരെ പിന്നിലേക്ക്‌ പോയി എങ്കിലും രണ്ടായിരത്തി നാലോടെ വീണ്ടും പുരോഗതിയുടെ പാതയിലേക്ക് വന്നു. ആഗോള സാമ്പത്തീക മാന്ദ്യത്തില്‍ വീണ്ടും മുട്ടുകുത്തി താഴേക്കു പതിക്കുകയുണ്ടായി, ഈ രാജ്യം. ലോകത് ഏറ്റവും അധികം സണ്‍ ഫ്ളവര്‍ ഓയില്‍ ഉല്പാദിപ്പിക്കുന്ന രാജ്യം ആണ് ഉക്രൈന്‍ . കൃഷിയിടങ്ങള്‍ ഇപ്പോഴും പൊതു മേഖലയില്‍ തന്നെ ആണ്, എന്നത് കൃഷിയെ കൂടുതല്‍ കാര്യക്ഷമത ഉള്ളതാക്കുന്നു. കൃഷി പോലെ തന്നെ , പ്രധാനം ആണ് ഉക്രൈനിലെ ധാതു സമ്പത്ത്. ഏറ്റവും അധികം ഇരുമ്പയിര്‍ ഉല്പാദിപ്പിക്കുന്ന രാജ്യം കൂടി ആണ് ഉക്രൈന്‍.. . , ഞങ്ങള്‍ ചെല്ലുമ്പോള്‍ ഇന്ത്യയെ കുറിച്ചും ഇന്ത്യയിലെ വ്യവസായികളെ കുറിച്ചും ഒക്കെ ഉക്രൈനില്‍ വലിയ ചര്‍ച്ച നടക്കുന്ന കാലം ആയിരുന്നു. ആയിടക്കാണ്, ഉക്രൈനിലെ ഏറ്റവും വലിയ സ്റ്റീല്‍ കമ്പനി, ഇന്ത്യന്‍ വംശജനായ് ലക്ഷ്മി മിത്തല്‍ വാങ്ങുന്നത്. സ്വതെവേ പട്ടിണി രാജ്യം ആണ് ഉക്രൈന്‍ എങ്കിലും, ഇന്ത്യയെ , ദരിദ്ര നാരായണന്‍ മാരുടെ രാജ്യം എന്ന നിലയില്‍ ആണ് ഉക്രൈനികള്‍ കണ്ടിരുന്നത്. ലക്ഷ്മി മിത്തലിന്റെ സ്റ്റീല്‍ പ്ലാന്‍റ കച്ചവടം ഉക്രിനികളുടെ മനസ്സില്‍ ഇന്ത്യന്‍ ജനങ്ങള്‍ പണക്കാര്‍ ആണെന്ന് കൂടി തോന്നിപ്പിച്ചു തുടങ്ങിയിരിക്കുന്നു.
ശരിയായ ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ അപര്യാപ്തത ആണ് ഉക്രൈനില്‍.. . , ജനങ്ങള്‍ രണ്ടായി വിഘടിച്ചു നില്‍ക്കുകയാണ്. നമ്മുടെ തമിഴ് നാട് സ്റ്റൈല്‍ ആണ് അവിടെ.  ഉക്രൈനെ യൂറോപ്യന്‍ യൂണിയനില്‍ അംഗം ആക്കുവാനും അതുവഴി യൂറോപ്പുമായി അടുക്കാനും ആണ്, മുന്‍ പ്രധാനമന്ത്രി യൂലിയയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമം. എന്നാല്‍ ഇപ്പോഴത്തെ പ്രസിഡന്റ്‌ കൂടുതല്‍ റഷ്യന്‍ ചായ്‌വുള്ള നേതാവാണ്. ഉക്രൈനില്‍ റഷ്യന്‍ അധിനിവേശം ഉണ്ടായ സമയത്ത് തലസ്ഥാനമായ കീവിലും പ്രമൂഖ പട്ടണങ്ങളിലും റഷ്യന്‍ ജനതയെ മാറ്റി പാര്‍പ്പിക്കുകയുണ്ടായി. ഈ ജനത ആണ് ഉക്രൈനിലെ പ്രബല വിഭാഗം ഇപ്പോള്‍, ഇവര്‍ക്ക് ഭരണത്തില്‍ കാര്യമായ സ്വാധീനം ഉണ്ട്.

അഴിമതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആണ്, ഉക്രൈനില്‍ ഏറ്റവും അധികം.  എല്ലാവരും ഏറ്റവും അധികം സംസാരിക്കുന്നതും , നടത്തുന്നതും  അഴിമതി ആണ്. ഓരോ ചെറിയ കാര്യത്തിനും കൈക്കൂലി കൊടുക്കുന്നവരും വാങ്ങുന്നവരും ആണ് ഇവര്‍., പത്രങ്ങളില്‍ ഉക്രൈനിലെ അഴിമതിക്കഥകള്‍ ഓരോ ദിവസവും അച്ചടിച്ചു വരുന്നു. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചക്ക് ശേക്ഷം നടന്ന അധികാര ട്രാന്‍സിഷന്‍ ഒരിക്കലും നീതി പൂര്‍വകം ആയിരുന്നില്ല എന്നതായിരുന്നു വ്യാപകമായ പരാതി. അത് ഉക്രൈനില്‍ മാത്രമല്ല , റഷ്യയിലും ഇപ്പോഴും ജനങ്ങള്‍ സംസാരിക്കുന്ന വിഷയം ആണ്. കയ്യൂക്കുള്ളവന്‍ കാര്യക്കാരനായി. സാമൂഹിക നീതി നിറഞ്ഞാടിയ ഒരു സമൂഹത്തില്‍ നിന്ന് കമ്പോള സംസ്കൃതിയിലേക്ക് ഒരു രാത്രി കൊണ്ട് എടുത്തെറിയപ്പെടുകയായിരുന്നു. ഓരോരുത്തവര്‍ക്കും അവരവര്‍ താമസിച്ചിരുന്ന കിടപ്പടങ്ങള്‍ കിട്ടി. കമ്പനികള്‍, കച്ചവട സ്ഥാപനങ്ങള്‍ ഒക്കെ, കയൂക്കുണ്ടായിരുന്നവര്‍, മാഫിയയുടെ സഹായത്തോടെ തട്ടിയെടുത്തു. എല്ലാവരുടെതും ആയിരുന്നതൊക്കെ, ഒരു ദിവസം ചിലരുടെ മാത്രം സ്വന്തം ആകുന്ന കാഴ്ച, അതാണ്‌ സോവിയറ്റ് രാഷ്ട്രങ്ങളില്‍ ഉണ്ടായത്. ഒന്ന് പോലെ കഴിഞ്ഞവരില്‍ ചിലര്‍ തീര്‍ത്തും പട്ടിണിക്കാരും മറ്റു ചിലര്‍ ശത കോടീശ്വരന്മാരും.

പൌരാണികതയും ആധുനികതയും ഇഴുകി ചേര്‍ന്ന് നില്‍ക്കുന്ന അതി മനോഹരമായ ഒരു പട്ടണം ആണ്, നിപേര്‍ നദിയുടെ തീരത്ത്‌ സ്ഥിതി ചെയുന്ന ഉക്രൈനിന്റെ തലസ്ഥാനമായ കീവ്. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ, സുന്ദരന്മാരും സുന്ദരികളും നിറഞ്ഞ സുന്ദരമായ പട്ടണം. ഞങ്ങള്‍ ചെല്ലുമ്പോള്‍ മൈനസ് 16 ഡിഗ്രി ആയിരുന്നു ഇവിടുത്തെ തണുപ്പ്. പക്ഷെ പിറ്റേന്ന് രാവിലെ അത് - 21 ഡിഗ്രീയിലേക്ക് മാറി. എവിടെയും ഐസ് കൊണ്ടുള്ള പരവതാനി.



രാവിലെ പ്രഭാത ഭക്ഷണം കഴിഞാപ്പോള്‍ തന്നെ മരിയ വന്നു. ശനിയാഴ്ച ആയതിനാല്‍ ഓഫീസുകള്‍ എല്ലാം ഒഴിവാണ്. തണുപ്പായതിനാല്‍  ഒരിടത്തും ഇറങ്ങാനും മനസ്സ് തോന്നുന്നില്ല. എങ്കിലും നേരത്തെ വിവരം അറിയിച്ചതിനാല്‍ ഞങ്ങള്‍ക്ക് കാണുവാനുള്ള ഒരു ഓഫീസില്‍ പര്‍ച്ചേസ്‌ മാനേജര്‍ ഞങ്ങള്‍ക്ക് വേണ്ടി ഓഫീസില്‍ വരാം  എന്ന് പറഞ്ഞു... മരിയ ഞങ്ങളോടൊപ്പം കൂടി, നീല കണ്ണുകളുള്ള ഒരു സുന്ദരി. പോളിഷ് കാരിയായ അമ്മയെ, പോളണ്ടില്‍ നിന്ന് കീവില്‍ സേവനം ചെയ്യുവാന്‍ സോവിയറ്റ് യൂണിയന്‍ എത്തിച്ചതാണ്. കല്‍ക്കരി തൊഴിലാളിയായ, രാഷ്യക്കാരനും ആയിട്ടായിരുന്നു അവരുടെ വിവാഹം, അവരുടെ ഏക സന്തതി ആണ് 27 കാരിയായ മരിയ. വിവാഹ മോചനം നേടി, അമ്മ ഇപ്പോള്‍ പുതിയ ഭര്‍ത്താവിനൊപ്പം ഫ്രാന്‍സിലും, അപ്പന്‍ പുതിയ ഭാര്യയും  ആയി റഷ്യയിലും. പതിനാലു വയസ്സ് മുതല്‍ കീവില്‍ ഒറ്റയ്ക്ക് നിന്ന് പൊരുതി ജയിച്ച ഒരു വലിയ കഥ, മരിയ പറഞ്ഞു.  കേട്ടപ്പോള്‍ വലിയ സങ്കടവും അതോടൊപ്പം ബഹുമാനവും തോന്നി. മരിയ ഇപ്പോള്‍ ബിസിനസ്സില്‍ മാസ്റ്റര്‍ ഡിഗ്രി നേടിയ, ഉക്രൈനിലെ ഒരു കമ്പനിയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ ആണ്. ഇന്ന് മരിയക്ക്‌ ഞങ്ങളെ അവളുടെ കമ്പനിയില്‍ കൊണ്ട് പോകുവാനും കഴിയില്ല, കാരണം അവളുടെ കമ്പനിക്കും ശനിയാഴ്ച അവധി ആണ്.
എങ്കിലും ഞങ്ങള്‍ മരിയയോടൊപ്പം ടാക്സിയില്‍ നേരത്തെ തീരുമാനിക്കപ്പെട കമ്പനിയില്‍ പോയി. യാത്രയില്‍ പെട്ടെന്ന് തിരികെ പോകുന്നതിനെ കുറിച്ച് ഞാനും ബഷീറും ചിന്തിച്ചു. ഇന്ന് ശനി, നാളെ ഞായര്‍, ഈ രണ്ടു ദിവസവും വെറുതെ തള്ളി നീക്കണം. പിന്നെ തിങ്കള്‍ മാത്രം, അന്ന് അത്ര  വലിയ മീറ്റിംഗ് ഒന്നും ഫിക്സ് ചെയ്തിട്ടും ഇല്ല, എന്ത് കൊണ്ട് ഇന്ന് വൈകിയോ, നാളെയോ    തിരികെ പോയിക്കൂട. ഇങ്ങനെ ഒരു ചിന്ത വന്നപ്പോഴേക്കു, എങ്ങനെ എങ്കിലും എത്രയും പെട്ടെന്ന് വീട്ടില്‍ തിരിച്ചെത്തണം എന്ന ഒരു വികാരം വളരെ ശക്തമായി തന്നെ ഞങ്ങളെ തലോടി. ഇപ്പോഴത്തെ പ്ലാന്‍ അനുസരിച്ച്, ചൊവാഴ്ച മോസ്കോയില്‍ നിന്നാണ് ഞങ്ങളുടെ ഫ്ലൈറ്റ്.  എത്രയും പെട്ടെന്ന് തിരികെ പോകണം എന്നത്, വലിയ ഒരു ആവേശം ആയി. ശരിക്കും വിരഹം എന്തെന്ന് തിരിച്ചറിഞ്ഞ ചില നിമിഷങ്ങള്‍ ആയിരുന്നു അത്. വീട്ടില്‍ എത്രയും നേരത്തെ തിരികെ എത്തുക. ഒടുവില്‍ യാത്ര നേരത്തെ ആക്കുവാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.
ഓഫീസില്‍ , ഞങ്ങളെ കാത്തു പര്‍ച്ചേസ്‌ മാനേജര്‍ മാത്രം, മറ്റൊരു നീല കണ്ണുകാരി യുവതി.. മീറ്റിംഗ് കഴിഞ്ഞു ഞങ്ങള്‍ തിരികെ പോകുവാനുള്ള ടിക്കറ്റുകള്‍ അവരുടെ ഓഫീസില്‍ വച്ച് തന്നെ ചെക്കു  ചെയ്തു. അന്നോ, അല്ലെങ്കില്‍ ഞായറാഴാചയോ തിരികെ പോരുവാന്‍ ഉള്ള ടിക്കറ്റുകള്‍ ഇല്ല. അതറിഞ്ഞപ്പോള്‍ വീണ്ടും നിരാശയായി. ...
എന്തായാലും തിരികെ ഞങ്ങള്‍ ഹോട്ടലിലേക്ക് വരുമ്പോള്‍ കണ്ട ന്യൂ ബോംബെ പാലസ് എന്ന ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ഉച്ച ഭക്ഷണം കഴിക്കുവാന്‍ കയറി. മരിയ ആദ്യം ആയിട്ടാണ് ഇന്ത്യന്‍ ഭക്ഷണം കഴിക്കുന്നത്. ഇന്ത്യന്‍ ഭക്ഷണം എന്ന് കേട്ടപ്പോഴേ മരിയ വളരെ ഉത്സാഹത്തോടും ജിജ്ഞാസയോഡും കൂടി  ഞങ്ങളോടൊപ്പം കൂടി. മഞ്ഞുമലകള്‍ക്കിടയില്‍ മനോഹരമായ ഭക്ഷണശാല. വളരെ ലക്ഷുറി ആയി അണിയിച്ചൊരുക്കിയ ഹാള്‍.. , അവിടെ ഇന്ത്യന്‍ വേഷമണിഞ്ഞ ഉക്രൈനിയന്‍ സുന്ദരിമാര്‍. ....,... ഇന്ത്യന്‍ വേഷം ഉക്രൈനിയന്‍ സുന്ദരിമാര്‍ക്ക് നന്നായി ഇണങ്ങും, അവരെ കണ്ടാല്‍ നോര്‍ത്ത്‌ ഇന്ത്യന്‍ സുന്ദരിമാര്‍ , അല്ലെങ്കില്‍ ബോളിവുഡ്‌ താരങ്ങള്‍ ആണോ എന്ന് പോലും തോന്നിപ്പോകും. ഞങ്ങള്‍ക്ക് തിരിച്ചു എവിടെയും പോകാന്‍ ഇല്ലാതിരുന്നതിനാല്‍ ആ ഭക്ഷണശാലയില്‍ ഭക്ഷണം ആസ്വദിച്ചു കൊണ്ട് വളരെ നേരം ഇരുന്നു. അങ്ങനെ ഇരിക്കാന്‍ മറ്റൊരു കാരണം, ഉക്രൈനിലെ ഒരു കച്ചവടക്കാരനെകുറിച്ചുള്ള വിവരം ബഷീറിന് കിട്ടിയത് അനുസരിച്ച്, അയാളുടെ നമ്പറില്‍ വിളിച്ചു, അയ്യാള്‍ കീവിലേക്ക് വരികയാണ് എന്നും, കീവില്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കുന്ന റെസ്റ്റോറന്റില്‍ എത്താമെന്നും പറഞ്ഞു. ശഫാക്കത്ത് എന്നാ ഒരു പാകിസ്ഥാനി ബിസിനസ്കാരന്‍ ആയിരുന്നു അയ്യാള്‍.. ,... കണ്ടാല്‍ ചെറുപ്പക്കാരന്‍ ആയ അയ്യാള്‍, പഠനത്തിനു ആയാണ് ആദ്യം കീവില്‍ എത്തിയത് എന്നും, പഠനത്തിനു ശേക്ഷം ഒരു ഉക്രൈന്‍ സുന്ദരിയെ വിവാഹം കഴിച്ചു ലീവ് എന്നാ ഉക്രൈന്‍ നഗരത്തില്‍ ജീവിക്കുകയാണ് എന്നും പറഞ്ഞു. ബിസിനസ് കാര്യങ്ങള്‍ ഒക്കെ ശഫാക്കത്തും ആയി ഞങ്ങള്‍ സംസാരിച്ചു, ഏകദേശം ആറു മണിയായപ്പോള്‍ ആണ് ഞങ്ങള്‍ ഹോട്ടലിലേക്ക് പോയതു. എന്തായാലും പിറ്റേന്ന്, ഞായറാഴ്ച ഞങ്ങള്‍ ശഫാക്കത്തിനോടൊപ്പം ഒഡീസ എന്ന ഉക്രയിനിലെ തുറമുഖ പട്ടണത്തിലേക്ക് പോകുവാന്‍ തീരുമാനിച്ചു.
മരിയ ഞായറാഴ്ച ഞങ്ങളെ കീവിലെ കത്തീഡ്രലുകള്‍ , ചെര്‍ണോബില്‍ മ്യുസിയം തുടങ്ങിയ പ്രദേശങ്ങള്‍ ഒക്കെ കാണിക്കാം എന്ന് വാക്ക് തന്നത് ആയിരുന്നു. പക്ഷെ ഞങ്ങള്‍ രാവിലെ ഒഡീസക്ക് പോകുന്നു എന്ന് കേട്ടപ്പോള്‍ അവളുടെ മുഖം മ്ലാനമായി. എന്തായാലും അവള്‍ ഞങ്ങള്‍ക്കോപ്പം രാത്രി ഡിന്നര്‍ കഴിച്ചു, വീണ്ടും തിങ്കള്‍ ഒന്നിച്ചു കൂടാം എന്ന് പറഞ്ഞു പിരിഞ്ഞു. 



അതിരാവിലെ തന്നെ ഞങ്ങള്‍ പ്രഭാത ഭക്ഷണം കഴിച്ചു ശഫാക്കത്തിനോപ്പം ഒഡീസയിലേക്ക് തിരിച്ചു. ശഫാക്കത്തിന്റെ കാറില്‍ ആണ് ഞങ്ങള്‍ 450 കിലോമീറ്റര്‍ അകലെയുള്ള ഒഡീസയിലേക്ക് പോയത്. കൃഷിയിടങ്ങള്‍ എല്ലാം മഞ്ഞില്‍ പുതഞ്ഞു കിടക്കുന്നു. പൈന്‍ മരക്കാടുകള്‍ എല്ലാം ഇല പൊഴിച്ച് മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്നു. വസന്തം വരുമ്പോള്‍ മഞ്ഞിന്‍റെ നിറം മാറി പച്ച നിറം ധരിക്കും ഈ കൃഷിയിടങ്ങള്‍, അപ്പോള്‍ ഉക്രൈന്‍ കാണുവാന്‍ മനോഹരം എന്നാണ് ശഫാക്കത്ത് പറഞ്ഞത്. മഞ്ഞു മാത്രം അല്ല, ഇടയ്ക്കിടയ്ക്ക് മഴയും തൂളുന്നു. കൊടും തണുപ്പും അവധി ദിവസവും ആയതിനാലാകണം, റോഡുകളില്‍ വാഹനങ്ങള്‍ തീരെ ഇല്ല. ദാരിദ്ര്യം വീര്‍പ്പു മുട്ടിച്ച ഉക്രൈന്‍കാരുടെ കഥകള്‍ ശഫാക്കത്ത് പറഞ്ഞു കൊണ്ടേ ഇരുന്നു. പണക്കാര്‍ കൂടുതല്‍ പണക്കാര്‍ ആയതും, പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവര്‍ ആയതുമായ കഥകള്‍, അഴിമതിയുടെയും മാഫിയ സംഘങ്ങളുടെയും കഥകള്‍. ,ഉക്രൈനിലെ സുന്ദരികള്‍ വിശപ്പ്‌ മാറ്റുവാന്‍ തങ്ങളുടെ ശരീരം വില്‍ക്കുവാന്‍ ദുബായിലും പാശ്ചാത്യ നഗരങ്ങളിലും കുടിയേറിയ കഥകള്‍., ഇപ്പോഴും പാശ്ചാത്യര്‍ ഉക്രൈന്‍ സുന്ദരികളെ തേടി ഉകൈനില്‍ എത്തുന്ന കഥകള്‍.,.

യാത്രക്കിടയില്‍ ഒരു റഡാര്‍ ചെക്ക് പോയിന്‍റില്‍ പോലീസ്‌ ഞങ്ങളെ പിടികൂടി. വാഹനത്തിന്റെ അമിത വേഗം ആണ് കാരണം. ഫയിന്‍ അടക്കെണ്ടാതിന്റെ പകുതി പണം കൈക്കൂലി ആയി കൊടുത്ത് അവിടുന്ന് തടിയൂരി. ഒഡീസയോട് അടുക്കുമ്പോള്‍  കടല്‍ വെള്ളം ഐസ് കക്ഷണം ആയി കിടക്കുന്ന കാഴ്ച. ഏകദേശം ഉച്ചയോടു കൂടി ഞങ്ങള്‍ ഒഡീസ പട്ടണത്തില്‍ എത്തി.
ശഫാക്കത്തിന്റെ ഒഡീസയിലെ പാര്‍ട്ണര്‍മാരെ കണ്ടു, അവരോടൊപ്പം അറബിക് ഭക്ഷണം കഴിച്ചു. വൈകുന്നേരം അവരോടൊപ്പം ഒഡീസ പട്ടണം കണ്ടു. മഞ്ഞു മൂടി കിടക്കുന്ന പാര്‍ക്കുകളില്‍ കുട്ടികളെ കളിപ്പിക്കാന്‍ കൊണ്ട് വരുന്ന മാതാപിതാക്കളെ കണ്ടപ്പോള്‍ അമ്പരപ്പ് ഉണ്ടാകാതിരുന്നില്ല. ഒഡീസ വളരെ പുരാതനമായ സിറ്റി ആണ്, വളരെ മനോഹരവും. പക്ഷെ മഞ്ഞില്‍ കുളിചിരിക്കുമ്പോള്‍ ആ മനോഹാരിത ഭാവനയില്‍ മാത്രമേ കാണുവാന്‍ കഴിയുകയുള്ളൂ. ഇലകള്‍ പൊഴിഞ്ഞ മരങ്ങള്‍ മഞ്ഞില്‍ പുതഞ്ഞിരിക്കുന്നു. ഒഡീസ തീരത്ത്‌  നിന്ന് നോക്കുമ്പോള്‍ കടലില്‍ , ബുര്‍ജ്‌ അല്‍ അറബിനേ അനുസ്മരിപ്പിക്കുന്ന ഹോട്ടല്‍ കാണാം. ബുര്‍ജ്‌ അല്‍ അറബിന് മുന്‍പ് തന്നെ കടലില്‍ പണിത ഹോട്ടല്‍ ആണ് എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

രാത്രി പതിനോന്നു  മണിയോട് കൂടി കീവിലെക്കുള്ള സ്ലീപ്പിംഗ് ട്രെയിനില്‍ ആണ് ഞങ്ങള്‍ ടിക്കറ്റ് ബുക്ക്‌ ചെയ്തിരിക്കുന്നതു.  സുഹൃത്ത് താമസിക്കുന്ന ഹോട്ടലില്‍ പോയി ഫ്രഷ്‌ ആയ ശേക്ഷം ഞങ്ങള്‍ റെയില്‍വേ സ്റെഷനിലേക്ക് ടാക്സിയില്‍ പോയി. നമ്മുടെ നാട്ടിലെ പോലെ ബാര്‍ഗയിന്‍ ചെയ്തു വേണം ടാക്സിയില്‍ കയറുവാന്‍. , നമ്മുടെ നാട്ടിലെ ഒരു ജില്ല തലസ്ഥാനം പോലെ തോന്നിച്ചു ഓടീസയിലെ രീതികള്‍ കണ്ടപ്പോള്‍.,. വൃത്തിയില്‍ മാത്രം കേരളത്തിലെ പട്ടണങ്ങളില്‍ നിന്നും വളരെ ഉന്നത നിലവാരം പുലര്‍ത്തുന്നു, ബാക്കിയൊക്കെ നമ്മുടെ നാട് പോലെ.
ട്രെയിനില്‍ കിടക്കുവാന്‍ നല്ല സൌകര്യം ഉള്ള ബെര്‍ത്ത്. പാരീസില്‍  നിന്ന് ബെര്‍ലിനിലേക്ക് വന്ന ട്രെയിനിനെക്കാള്‍ വൃത്തിയുള്ള ട്രെയിന്‍...,. വൃത്തിയുള്ള നല്ല ബെഡ് ഷീറ്റ്, തലയിണ, ഒരു ചെറിയ 3 സ്റാര്‍ സൌകര്യം. ട്രെയിനില്‍ എല്ലാവരും ഉറക്കം തുടങ്ങി.പ്രഭാതത്തില്‍ ചൂടുള്ള കാപ്പിയും ചായയും ആയി ഞങ്ങളെ വിളിച്ചുണര്‍ത്തി.    രാവിലെ ഏഴു മണിക്ക് തന്നെ ട്രെയിന്‍ കീവ് സ്റ്റേഷനില്‍ എത്തി... ട്രെയിനും റെയില്‍വേ ട്രാക്കുകളും എല്ലാം മഞ്ഞില്‍ മൂടി കിടക്കുന്നു... തണുത്തു വിറക്കുന്നു എങ്കിലും മനോഹരമായ കാഴ്ചകള്‍. ,. അന്ന് ഉക്രൈനില്‍ രേഖപ്പെടുത്തിയ തണുപ്പ്, മൈനാസ് 22 ഡിഗ്രി... വളരെ ബാര്‍ഗയിന്‍ ചെയ്ത ശേക്ഷം ഒരു ടാക്സിയില്‍ ഞങ്ങളുടെ ഹോട്ടലിലേക്ക്. വഴിയില്‍ എങ്ങും റോഡിലെ ഐസ് കോരിക്കളയുന്ന തൊഴിലാളികളും വാഹങ്ങളും. തലേന്നത്തെക്കാള്‍ തണുപ്പ് വളരെയധികം കൂടിയിരിക്കുന്നു. റോഡുകള്‍ നിറഞ്ഞു വാഹനങ്ങളും. റോഡുകളില്‍ മഞ്ഞുകട്ടകള്‍ കൂടിക്കിടക്കുന്നതിനാല്‍ യാത്ര ദുഷ്കരവും. 



ഹോട്ടലില്‍ വന്നു ഫ്രഷ്‌ ആയി, പ്രഭാത ഭക്ഷണവും കഴിച്ചപ്പോഴേക്കും മരിയ അവളുടെ കമ്പനിയിലേക്ക് ചെല്ലുവാന്‍ കാര്‍ അയച്ചു. റഷ്യനും ഉക്രിനിയും മാത്രം സംസാരിക്കുന്ന ഡ്രൈവര്‍. ,. തണുപ്പില്‍ ബസ്‌ കാത്തു നില്‍ക്കുന്ന ജനങ്ങള്‍., തിങ്കള്‍ ആയതിനാല്‍ റോഡില്‍ അനേകം വാഹനങ്ങള്‍., യൂറോപ്പിലെയും റഷ്യയിലെയും വച്ച് നോക്കുമ്പോള്‍ റോഡുകള്‍ വളരെ മോശം. പണ്ട് റഷ്യക്കാര്‍ പണിത റോഡുകള്‍ അല്ലാതെ പുതിയവ ഒന്നും ഇവിടെ പണിതിട്ടില്ല. മരിയ വളരെ സന്തോഷത്തോടെ ഞങ്ങളെ അവളുടെ, ഇംഗ്ലീഷ് അറിയില്ലാത്ത ബോസ്സിന് ഞങ്ങളെ പരിചയപ്പെടുത്തി. മരിയ ആണ് അവരുടെ കമ്പനിയുടെ സെയില്‍സ്‌ മാനേജര്‍..,. വളരെ ചടുലതയോടെ, ഉത്സാഹത്തോടെ ആണ്  മരിയ ജോലി ചെയുന്നത്. വളരെ പ്രൊഫെഷണല്‍ ആണവര്‍..,. അന്നത്തെ ബിസിനസ്സ് എല്ലാം ചില ഇ മയിളിലും ഫോണ്‍ വിളികളിലും അവസാനിപ്പിച്ചു, അവള്‍ ഞങ്ങളോടൊപ്പം , ഞങ്ങളെ സിറ്റി കാണിക്കുവാന്‍ തയ്യാറായി വന്നു.
മരിയ ഞങ്ങളെ പുരാതന കീവിലേക്ക് ആണ് കൊണ്ട് പോയത്. അതി മനോഹരമായ പഴയ രീതിയിലുള്ള സുന്ദരമായ  കെട്ടിടങ്ങള്‍.. , നിരത്തുകള്‍ ചെറുതെങ്കിലും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. അനേകം കത്തീദ്രലുകള്‍, പള്ളികള്‍. , ഇത് ഒരിക്കലും ഒരു കമ്മ്യുണിസ്റ്റ്‌ രാജ്യം ആയിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മരിയ പോകുന്ന പള്ളിയും അവള്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. കീവിലെ പ്രധാന മാര്‍ക്കറ്റും സബ്വേയും  എല്ലാം ചുറ്റി നടന്നു കണ്ടു. തണുപ്പ് വളരെ അധികം ആയിരുന്നതിനാല്‍ നഗരം കാണുക അത്ര സന്തോഷം ഉള്ള കാര്യം ആയി തോന്നിയില്ല. നാല് മണി കഴിഞ്ഞപ്പോഴേക്കു ഞങ്ങള്‍ ഹോട്ടലില്‍ തിരികെ എത്തി.
തിരികെ വരുമ്പോള്‍ വളരെ രസകരമായി ഒരു കാഴ്ച. നിപ്പേര്‍ നദിയുടെ തീരത്താണല്ലോ കീവ്, ആ നദിയിലെ വെള്ളം തണുത്തു മഞ്ഞുകട്ട ആയി മാറിയിരിക്കുന്നു. ധാരാളം മീന്‍ പിടുത്തക്കാര്‍ ഈ മഞ്ഞു കട്ടയുടെ മുകളില്‍ കൂടി നടന്നു, മഞ്ഞു കട്ടകള്‍ തുരന്നു ചൂണ്ടയിട്ടു മീന്‍ പിടിക്കുന്ന കാഴ്ച അല്ഭുതാവാഹം ആയി തോന്നി.

നിസ്കരിക്കാനും ഫ്രഷ്‌ ആകാനും ആയി ബഷീര്‍ റൂമിലേക്ക്‌ പോയി. കയ്യില്‍ ഉണ്ടായിരുന്ന കുറെ ഡോളറുകള്‍ മാറ്റി, ഉക്രൈനിന്റെ കറന്‍സി ആയ ഗ്രീവ്ന മേടിച്ചു. ഞങ്ങള്‍ നേരെ ഹോട്ടലിന്‍റെ ബാറിലേക്ക് പോയി. സമയം പോയതറിഞ്ഞില്ല, കഥകള്‍ ഒക്കെ പറഞ്ഞു മദ്യപിച്ചു ഇരുന്നപ്പോള്‍, ബഷീറിന്‍റെ ഫോണ്‍. , ബഷീര്‍ ഫ്രഷ്‌ ആയി , ഒരു ചെറിയ മയക്കവും കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ ബാറിലുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഭക്ഷണത്തിനായി ബഷീറും അവിടെ വന്നു. അതിനിടയില്‍ മരിയയുടെ ഒരു കൂട്ടുകാരിയും ഞങ്ങള്‍ക്കൊപ്പം കൂടി. ബഷീര്‍ മദ്യപിക്കില്ല എന്നറിഞ്ഞപ്പോള്‍ ബാറിലെ പരിചാരികക്ക് ബഷീറിനെ കല്യാണം കഴിക്കണം എന്നു മോഹം. ഉക്രൈനിലെ ഭക്ഷണം വളരെ രുചികരം ആയി തോന്നി. നാളെ രാവിലെ ഈ പട്ടണത്തോടു വിട പറയുന്നു, കുടുംബത്തോടൊപ്പം ചേരാം എന്നാ സന്തോഷം ആകാം, രാത്രി വളരെ നേരം അവിടെ ചിലവഴിച്ചു. ഞങ്ങള്‍ക്ക് കീവില്‍ മരിയ ഒരു വലിയ സഹായം ആയിരുന്നു.
രാവിലെ ഹോട്ടലില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു ഞങ്ങള്‍ വിമാനത്താവളത്തിലേക്ക് യാത്രയായി. അവിടെ ചെന്നപ്പോള്‍ ആണ് അറിയുന്നത്, ഞങ്ങള്‍ പോകേണ്ട ഏറോ സ്വിഫ്റ്റ്‌ വിമാനം പോകുന്നത് വിനുകോവ എയര്‍ പോര്‍ട്ടില്‍ ആണ്, പക്ഷെ ഞങ്ങള്‍ക്ക് പോകേണ്ടത് ഡോമൊദേവോ എയര്‍പോര്‍ട്ടിലും. ടിക്കറ്റ്‌ ബുക്ക്‌ ചെയ്തപ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചില്ല. മോസ്കോയില്‍ മൂന്നാമത് മറ്റൊരു എയര്‍ പോര്‍ട്ട് കൂടി ഉണ്ട്, ഷെറിമേത്യോവ എയര്‍ പോര്‍ട്ട്. എന്തായാലും ഏറോസിഫ്റ്റ്‌ ടിക്കറ്റ് മാറ്റി ട്രാന്‍സ്‌ഏറോ വിമാനത്തിലേക്ക് അവര്‍ കണക്ഷന്‍ തന്നു. ഉക്രൈന്‍ വിമാനത്താവളത്തിലെ ഫ്ലൈറ്റ് ഇന്‍ഫോര്‍മേഷന്‍ ബോര്‍ഡില്‍ , ഉക്രൈനിലെ കാലാവസ്ഥ കാണിക്കുന്നു, -24 അത് പോലെ ഞങ്ങള്‍ ഇറങ്ങേണ്ട ദുബായിലെ താപനില  + 24. എന്തൊരു വൈരുദ്ധ്യം .



ട്രാന്‍സ്‌ ഏറോ വിമാനം മോസ്കോയില്‍ ലാന്‍ഡ്‌ ചെയ്തു, ഏകദേശം ഒരു മാസത്തിനു മുന്‍പ് ഭീകരാക്രമണം നടന്ന ഡോമോദേവോ എയര്‍പോര്‍ട്ട് ആണ്, എങ്കിലും അധികം സുരക്ഷ ക്രമീകരണങ്ങള്‍ ഒന്നും ഉള്ളതായി തോന്നിയില്ല. കുറെ നേരം ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ കൂടി ഒക്കെ ചുറ്റി നടന്നു. എമിരേറ്റ്സ് വിമാനത്തിന്റെ ലോഞ്ചില്‍ പോയി ഇരുന്നു. ദുബായിലേക്കുള്ള വിമാനത്തില്‍ കൂടുതലും റഷ്യക്കാര്‍ ആണ്. പെട്ടെന്ന് ചിരിച്ചു കൊണ്ട് ഒരു ഇന്ത്യന്‍ പെണ്‍കുട്ടി മുന്നില്‍., അപൂര്‍വമായി മാത്രം ഇന്ത്യക്കാരെ കണ്ടത് കൊണ്ടാകണം ആ കുട്ടി ചിരിച്ചത്. മോസ്കോയില്‍ മെഡിസിന് പഠിക്കുന്ന ബോംബേയില്‍ നിന്നുള്ള കുട്ടി ആണ്. പ്രതികൂല കാലാവസ്ഥ കാരണം തണുപ്പ് കഴിയുന്നത് വരെ നാട്ടിലേക്ക് പോവുകയാണ്. നാലരക്ക് ആണ് വിമാനം പുറപ്പെടെണ്ടത്. ഞങ്ങള്‍ എല്ലാവരും വിമാനത്തില്‍, നാലര കഴിഞ്ഞപ്പോള്‍ പൈലറ്റിന്റെ അറിയിപ്പ് വന്നു. തണുപ്പ് കാരണം വിമാനത്തിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട്‌ ആകുന്നില്ല. ഏകദേശം ഒരു മണിക്കൂര്‍ വൈകി 5.30 നു  ആണ് വിമാനം മോസ്കോവില്‍ നിന്ന് പുറപ്പെട്ടത്‌..,. എന്റെ സീറ്റിനടുത്ത് ശ്രീലങ്കയിലെ കൊളോമ്പോയിലേക്ക് പോകുന്ന  യുവമിഥുനങ്ങള്‍.,.
റഷ്യന്‍ ഹോളിഡെ മേക്കെര്സ് ഇപ്പോള്‍ ഇന്ത്യന്‍ പട്ടണമായ ഗോവയെക്കാള്‍ പ്രാധാന്യം കൊടുക്കുന്നത് കൊളോബോ പട്ടണത്തിനു ആണ്. അനേകം റഷ്യന്‍ യാത്രക്കാര്‍ ആണ് ഇപ്പോള്‍ ശ്രീലങ്കയിലേക്ക് പോകുന്നത്.
വിമാനത്തില്‍ നിന്ന് കിട്ടിയ ഹോട്ട് ഡ്രിങ്ക്സ്നു  ശേക്ഷം ഭക്ഷണം കഴിച്ചു, ഇനി ഒന്ന് മയങ്ങാം എന്ന് കരുതിയപ്പോള്‍ ആണ്, അടുത്തിരുന്ന്ന യുവാവ് തന്‍റെ ബാഗ് തുറന്നു ഒരു ഷിവാസ് റീഗല്‍ പുറത്തെടുത്തത്. ഇതിനിടയില്‍ നല്ല സൌഹൃതം സ്ഥാപിച്ചതിനാല്‍ അയ്യാള്‍ രണ്ടിന് പകരം മൂന്നു ഗ്ലാസ്സുകള്‍ പുറത്തെടുത്തു. ഞാന്‍ പതുക്കെ പതുക്കെ സിപ്പ് ചെയ്തപ്പോള്‍ അവര്‍ കാമുകനും കാമുകിയും കൂടി, വിമാനം ദുബായില്‍ എത്തുമ്പോഴേക്കു ആ കുപ്പി കാലി ആക്കി. നമ്മടെ മലയാളികളെ കടത്തി വെട്ടുന്ന വീശുകാര്‍ ആണോ ഇവര്‍ എന്ന് അത്ഭുതപ്പെട്ടു. പന്ത്രണ്ടു മണി കഴിഞ്ഞപ്പോള്‍ വിമാനം ദുബായില്‍ ലാന്റു ചെയ്തു. പതിനാറ് ദിവസത്തെ യാത്ര നല്‍കിയ അനുഭവങ്ങളും  ഓര്‍മ്മകളും എന്നെന്നും നില നില്‍ക്കും.



4 comments:

  1. നല്ല വിവരണം.. രസിച്ചു വായിച്ചു.

    ReplyDelete
  2. ഒരു യാത്ര പോയത് പോലെ.... ഉക്രൈന്‍ പോലെ ഉള്ള സ്ഥലങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ വളരെ കുറവാണ്.

    ReplyDelete
  3. നന്നായി എഴുതി , നല്ല വായന്നക് രസമുള്ള എഴുത്താണ്,
    ഈ നാടിനെ കുറിച്ച് അറിവ് തന്നതിൽ നന്ദി,
    ഇനിയും എഴുതുക
    ആശംസകല്

    ReplyDelete
  4. നല്ല അവതരണ ശൈലി ...............വായനകാരനും അവിടെയൊക്കെ പോയ്‌ വന്ന ഒരു സുഖം , ഇനിയും എഴുതുക .......വായിക്കാന്‍ നല്ല രസമുണ്ട് ,കൂറെ കൂടി ചിത്രങ്ങള്‍ കൊടുത്താല്‍ കൂറെ കൂടി മനോഹരമാകും :) ആശംസകള്‍ !!!!

    വേര്‍ഡ്‌ വെരിഫികേഷന്‍ മാറ്റണം കേട്ടോ !!!

    ReplyDelete